സംസ്ഥാനത്തെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചപ്പോള്‍ ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ യു.ആര്‍. പ്രദീപ് വിജയിച്ചു. പാലക്കാട് ബിജെപിയിലെ സി.കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ 3859 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടിയത്.
ഉപതെരഞ്ഞെടുപ്പില്‍ 18,806 വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊണ്ട് വ്യക്തമായ വിജയമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തമാക്കിയത്. ബിജെപി കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് രാഹുലിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍ മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും എല്‍ഡിഎഫ് വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ.വിജയരാഘവന്‍ 34,640 വോട്ടുകളാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് നേടിയതെങ്കില്‍ 37,156 വോട്ടുകള്‍ സരിന് ലഭിച്ചു.
ചേലക്കരയില്‍ ഒരു റൗണ്ടില്‍ പോലും ലീഡ് വിട്ടുകൊടുക്കാതെയാണ് സിപിഎം സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് വിജയിച്ചത്. ആകെയുള്ള 13 റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രദീപ് വിജയിച്ചു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ തുളസി ടീച്ചറിനെതിരെ പ്രദീപ് നേടിയ 10,200 വോട്ടുകളുടെ ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് ഈ വിജയം.
ആകെ 64,827 വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ 52,626 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ചേലക്കരയിലെ എംഎല്‍എ ആയിരുന്ന കെ.രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു. രമ്യക്ക് ഇത് തുടര്‍ച്ചയായ രണ്ടാം പരാജയമാണ്.