ലൈംഗികാരോപണത്തില്‍ നിവിന്‍ പോളിയുടെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് നീക്കി പൊലീസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടി നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. നിവിന്‍ പോളിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും പരിശോധിച്ചതിന് ശേഷമാണ് നടപടി. വിദേശത്തു വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണമായിരുന്നു പരാതിക്കാരി ഉന്നയിച്ചത്. എന്നാല്‍ കുറ്റകൃത്യം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ പോളി വിദേശ സന്ദര്‍ശനം നടത്തിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പ്രതിപ്പട്ടികയില്‍ നിന്ന് താരത്തിന്റെ പേര് നീക്കം ചെയ്തത്. കേസിലെ മറ്റു പ്രതികള്‍ക്കെതിരായ അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നിവിന്‍ പോളിയുടെ പ്രതികരണം
എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമുണ്ടായ വെളിപ്പെടുത്തലുകള്‍ക്കൊപ്പമാണ് ഈ കേസും ഉയര്‍ന്നു വന്നത്. നിര്‍മാതാവ് എ.കെ.സുനില്‍ അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. വിജയ് സൂപ്പറും പൗര്‍ണമിയും, മനോഹരം എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് രണ്ടാം പ്രതിയായ എ.കെ.സുനില്‍. യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാം പ്രതി. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍. കൂട്ട ബലാല്‍സംഗത്തിനുള്ള വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തത്. 2023ല്‍ സിനിമയില്‍ അവസരത്തിനായി ദുബായിലേക്ക് വിളിച്ചു വരുത്തിയെന്നും ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി. എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേനയ്ക്ക് ലഭിച്ച പരാതിയില്‍ ഊന്നുകല്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഐപിസി 376 ബലാല്‍സംഗം, ഐപിസി 376 ഡി കൂട്ടബലാല്‍സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പിന്നീട് കേസ് കൈമാറി.
കേസ് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ നിവിന്‍ പോളി വാര്‍ത്താ സമ്മേളനം നടത്തി ആരോപണം നിഷേധിച്ചിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും നിവിന്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് ഒന്നര മാസം മുന്‍പ് പൊലീസ് തന്നെ വിളിച്ചിരുന്നുവെന്നും പെണ്‍കുട്ടിയെ അറിയില്ലെന്ന് താന്‍ മറുപടി നല്‍കിയതായും നിവിന്‍ വ്യക്തമാക്കി. പരാതിക്കാരിയായ പെണ്‍കുട്ടിയെ അറിയില്ലെന്നും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും താരം മാധ്യമങ്ങള്‍ക്ക് മുന്നിലും പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിവിന്‍ ആരോപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് കേസില്‍ നിവിന്‍ പോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിയില്‍ പറയുന്ന ദിവസം താന്‍ കൊച്ചിയില്‍ സിനിമാ സെറ്റിലുണ്ടായിരുന്നെന്ന് നിവിന്‍ മൊഴി നല്‍കി. തെളിവിനായി രേഖകളും നല്‍കിയിരുന്നു. നേരത്തേ പരാതിയില്‍ പറഞ്ഞ ദിവസം നിവിന്‍ സിനിമാ ചിത്രീകരണത്തിനായി കൊച്ചിയില്‍ ഉണ്ടായിരുന്നതായി വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.