Kerala News

ലക്ഷണമൊത്ത ഗുണ്ട കെ.പി.സി.സി പ്രസിഡന്റായതോടെ കെ.എസ്.യു വീണ്ടും കൊലക്കത്തി കയ്യിലെടുത്തുവെന്ന് എം.സ്വരാജ്

കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി കെ.സുധാകരന്‍ വന്നതിന് ശേഷമാണ് വീണ്ടും കെ.എസ്.യു കൊലക്കത്തി കൈയ്യിലെടുത്തിരുക്കുന്നതെന്ന് എം.സ്വരാജ് ദ ക്യുവിനോട് പ്രതികരിച്ചു. ലക്ഷണമൊത്ത ഗുണ്ട കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതാണ്. കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.യുവിനെ കൊണ്ട് ക്യാമ്പസുകളും പൊതുസമൂഹവും ഈ കൊലപാതകത്തിന് ഉത്തരം പറയിപ്പിക്കും. അമ്മമാരുടെ കണ്ണുനീരിന് മറുപടി പറയേണ്ടി വരും. ഈ സമൂഹത്തില്‍ ഇന്നല്ലെങ്കില്‍ നാളെ സ്വയം കുഴിച്ച കുഴിയില്‍ കോണ്‍ഗ്രസ് ഒടുങ്ങുന്നതിനാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം വഴി വെക്കുകയെന്നും എം. സ്വരാജ് പറഞ്ഞു.

കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പിന്തുണ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം കെ.എസ്.യുവായിരുന്നു. എസ്.എഫ്.ഐ രൂപീകരിക്കുമ്പോള്‍ ഒരു കോളേജിലാണ് യൂണിയന്‍ കിട്ടിയത്. ഇന്ന് കേരളത്തിലെ എല്ലാ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പോളിടെക്‌നിക്കുകളിലും ഐ.ടി.ഐകളിലുമെല്ലാം എസ്.എഫ്.ഐയാണ് വിജയിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം എസ്.എഫ്.ഐയുടെ കൊടിക്കീഴില്‍ അണിനിരന്നത് കൊണ്ടാണ് ഈ മാറ്റം ഉണ്ടായത്. കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിലെ രാഷ്ടീയ ബലാബലമല്ല ക്യാമ്പസുകളില്‍ കാണുന്നത്. കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ പോലും എസ്.എഫ്.ഐക്ക് വോട്ട് ചെയ്യുന്നുണ്ട്. ക്യാമ്പസുകളിലെ കെ.എസ്.യുവിന്റെ കുത്തക തകരാനുള്ള കാരണം കൊലപാതക രാഷ്ട്രീയമായിരുന്നു. സഹപാഠികളെ കുത്തിക്കൊന്ന ചോര കണ്ടാണ് കെ.എസ്.യുവിനെ വിദ്യാര്‍ത്ഥികള്‍ അകറ്റി നിര്‍ത്തിയത്. കൊലപാതകമാണ് കെ.എസ്.യുവിനെ വെറുക്കാനുള്ള കാരണം. നിരവധി ഉശിരന്‍ വിദ്യാര്‍ത്ഥികളെ കൊന്നിട്ടുണ്ട് കെ.എസ്.യുവും പുറമേ നിന്നുള്ള കോണ്‍ഗ്രസ് ക്രിമിനല്‍ സംഘവും. അന്നൊന്നും ഈ കൊലപാതകങ്ങളെ തള്ളിപ്പറയാനുള്ള സന്നദ്ധത കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ കാണിച്ചിട്ടില്ല. ആ മാധ്യമങ്ങളുടെ പിന്തുണയുടെ ബലത്തിലും അഹങ്കാരത്തിലുമാണ് ഈ കൊലപാതകങ്ങളൊക്കെ ചെയ്തത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ചെയര്‍മാനായിരുന്ന സി.വി ജോസിനെ ക്യാമ്പസിലിട്ട് കുത്തിക്കൊന്നതാണ് ഈ സംഘം. ആ കേസിലെ ദൃക്ഷാസാക്ഷിയായിരുന്ന പ്രസാദിനെ കോടതിയില്‍ സാക്ഷി പറഞ്ഞാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിനാല്‍ തിരുവോണ ദിവസം വെട്ടിക്കൊന്നു. രാഷ്ട്രീയ വിരോധം കൊണ്ട് കോളേജ് യൂണിയന്‍ ചെയര്‍മാനെ കൊല്ലുകയും ആ കേസിലെ പ്രതികള്‍ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സാക്ഷിയേയും കൊല്ലുക എന്നത് ഇന്ത്യയിലെ വേറൊരു കോളേജിലും നടന്നിട്ടുണ്ടാകില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ കലോത്സവ വേദിയില്‍ വെച്ചാണ് തൃശൂര്‍ ഗവണ്‍മെന്റ് കോളേജിലെ ജനറല്‍ സെക്രട്ടറിയായിരുന്ന കൊച്ചനിയനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇങ്ങനെ കോണ്‍ഗ്രസ് ക്രൂരതയുടെ നിരവധിയായ ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയാതീതമായി കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ് ഒറ്റപ്പെടുത്തിയത്. ഇന്ന് കേരളത്തിലെ ക്യാമ്പസുകളില്‍ കെ.എസ്.യുവില്ല. ആട്ടിയകറ്റപ്പെട്ട സംഘടനയായി കെ.എസ്.യു മാറി. എന്നിട്ടും കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കുന്നില്ല. കൊന്ന് മുന്നേറാന്‍ കഴിയുമെന്നാണ് കെ.എസ്.യു ധരിച്ച് വെച്ചിരിക്കുന്നത്. ആധുനിക കാലത്ത് നമ്മുടെ സമൂഹം അങ്ങേയറ്റം അകറ്റി നിര്‍ത്തേണ്ട ചോരക്കൊതിയന്‍മാരുടെ ഭീകര സംഘമാണ് കെ.എസ്.യു. ജനാധിപത്യ സംഘടനയോ വിദ്യാര്‍ത്ഥി സംഘടനയോ അല്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയുള്ളവരോ യോഗ്യതയുള്ളവരോ അല്ല. ഈ കാലഘട്ടത്തില്‍ സഹപാഠികളെ കൊല്ലാമെന്ന് ഊറ്റം കൊള്ളുന്നതും അങ്ങനെ സംഘടനാ പ്രവര്‍ത്തനം നടത്താമെന്ന് കരുതുന്നതും മനുഷ്യത്വത്തിന് എതിരാണെന്നും എം. സ്വരാജ് കുറ്റപ്പെടുത്തി.

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

SCROLL FOR NEXT