Kerala News

മോദിയുടെ അച്ഛാദിന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ടാബ്‌ലറ്റ് തുറന്ന് 90 മിനിറ്റിൽ അവതരിപ്പിച്ച ബജറ്റ് ആരുടേതാണ്, ആർക്കുവേണ്ടിയാണ് എന്നത് പ്രധാനമായി കാണേണ്ടതാണ്. മോദി സർക്കാരിന് ഒരു വർഗനയവും ഒരു വർഗീയനയവും ഉണ്ട്. ഇത് രണ്ടും പ്രതിഫലിപ്പിക്കുന്നതാണ് ഈ ബജറ്റ്. മഹാഭാരതത്തിലെ ശാന്തിപർവത്തിലെ ഭരണരീതിയെപ്പറ്റിയുള്ള ശ്ലോകത്തിന്റെ സാരം ഉദ്ധരിച്ച് മോദി സർക്കാരിന്റെ സാമ്പത്തിക-നികുതിനയ കാഴ്ചപ്പാട് ധനമന്ത്രി വിശദീകരിച്ചിരുന്നു. അലംഭാവം ഉപേക്ഷിച്ച് പ്രജകളുടെ ക്ഷേമത്തിന് ഉതകുന്ന നീതിപൂർവമായ ഭരണത്തിനുള്ള നികുതികളും നിർദേശങ്ങളുമാണ് ഇതിലുള്ളതെന്നായിരുന്നു അവകാശവാദം.ഇത് വസ്തുതയുമായി പൊരുത്തപ്പെടുന്നതല്ല. മോദി സർക്കാരിന്റെ "അച്ഛാ ദിൻ' കോവിഡ് തകർത്ത സമ്പദ്ഘടനയുടെ ദുരിതം പേറുന്നവർക്കല്ല. ബഹുഭൂരിപക്ഷമായ സാധാരണക്കാർ ,തൊഴിലാളികൾ, കർഷകർ, ഇടത്തരക്കാർ തുടങ്ങിയവരെയൊന്നും പരിഗണിച്ചിട്ടേയില്ല. സാമ്പത്തികപ്രതിസന്ധി, വിലക്കയറ്റം എന്നിവയാൽ വേട്ടയാടപ്പെടുന്നവരാണ് ഇക്കൂട്ടർ. അവർക്ക് ആശ്വാസം പകരാൻ മുതിർന്നിട്ടില്ല. ഒന്നരവർഷം മുമ്പ് നിർത്തലാക്കിയ എൽപിജി സബ്‌സിഡി പുന‌സ്ഥാപിക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. നിത്യോപയോഗ സാധന വിലക്കയറ്റം തടയാൻ ഡീസൽ, പെട്രോൾ വില വർധനയ്‌ക്ക്‌ അന്ത്യം കുറിക്കണമായിരുന്നു. അതുണ്ടായില്ല. വിള ഇൻഷുറൻസ്, വളം സബ്‌സിഡി, പോഷകാഹാര സബ്‌സിഡി, ഭക്ഷ്യ സബ്‌സിഡി, ധാന്യസംഭരണ സബ്‌സിഡി എന്നിവയിലെല്ലാം വെട്ടിക്കുറവ് വരുത്തി. ഒരുവർഷം നീണ്ട കർഷകസമരം ഒത്തുതീർക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായെങ്കിലും കർഷകരോട് കൂറില്ല എന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിക്കും അവഗണന

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം അപമാനകരമായ 101ലാണ്. അതിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കുട്ടികളുടെ പോഷകാഹാരക്കുറവാണ്. എന്നിട്ടും ഈ ഇനത്തിൽ നിലവിലുള്ള 64,192 കോടി രൂപയുടെ സബ്‌സിഡി 42,000 കോടിയാക്കി കുറച്ചു. പട്ടിണി മാറ്റാനും തൊഴിൽ കിട്ടാനും ഗ്രാമീണമേഖലയ്ക്ക് വലിയ ആശ്വാസമേകുന്ന തൊഴിലുറപ്പ് പദ്ധതിക്ക് നടപ്പുവർഷം 98,000 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 73,000 കോടിയാണ്. ഇതൊക്കെക്കൊണ്ടാണ് ബജറ്റിനെ വിലയിരുത്തിയ പത്രങ്ങളുടെ മുഖപ്രസംഗങ്ങളിൽ "വലിയ ലക്ഷ്യങ്ങൾക്കിടയിൽ സാധാരണക്കാരെ മറന്ന ബജറ്റ്' എന്ന വിശേഷണം നൽകിയത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികംവരെയുള്ള 25 വർഷത്തെ സമ്പദ്ഘടനയുടെ അടിത്തറയും രൂപരേഖയുമാണ് ബജറ്റ് എന്നും അതിനുള്ള നിർദേശങ്ങൾ ഉണ്ടെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം. നട്ടെല്ല് തകർന്നു കിടക്കുന്നവരോട് നിങ്ങൾ മാരത്തൺ ഓട്ടത്തിൽ വിജയിച്ചാൽ കോടികളുടെ സമ്മാനമെന്ന് വാഗ്ദാനം ചെയ്യുന്നതുപോലെ ശുദ്ധ അസംബന്ധമാണ് മോദി സർക്കാരിന്റെ 25 വർഷത്തിനു ശേഷമുള്ള ഇന്ത്യയെന്ന സങ്കൽപ്പചിത്രം.

തൊഴിലില്ലായ്മ പരിഹരിക്കാനോ കർഷകരുടെയും ഇടത്തരക്കാരുടെയും താഴെത്തട്ടിലുള്ളവരെയും പ്രതിസന്ധിയിൽനിന്ന് കരകയറ്റാനോ ഉള്ള നിർദേശങ്ങളില്ല. മോദിസർക്കാർ നയം കാരണം കോവിഡിന് മുമ്പുതന്നെ ഇന്ത്യൻ സമ്പദ്ഘടന പിന്നോട്ടടിക്കപ്പെടുകയായിരുന്നു; നോട്ട്‌നിരോധനം ഉൾപ്പെടെയുള്ള ഭ്രാന്തൻ നടപടികളിലൂടെ. കോവിഡ് ഈ പ്രതിസന്ധിയെ രൂക്ഷമാക്കി. ഇതിൽനിന്ന്‌ രക്ഷനേടാൻ പൗരൻമാരെ സഹായിക്കാനും അവരുടെ പക്കൽ പണം ലഭ്യമാക്കാനും കേന്ദ്രസർക്കാരിന് കരുണയുണ്ടായില്ല. വരുമാനം കുറഞ്ഞ വിഭാഗങ്ങൾക്ക് പ്രതിമാസം 7500 രൂപ നൽകുന്ന പദ്ധതി നടപ്പാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. അതിന് ചെവികൊടുത്തില്ല. ഇത്തരം പരിപാടികൾക്ക് പണം കണ്ടെത്താൻ അതിസമ്പന്നരിൽനിന്ന്‌ കോർപറേറ്റ് നികുതി ചുമത്താമായിരുന്നു. അംബാനി, അദാനിയാദി കോർപറേറ്റുകൾ മഹാമാരിക്കാലത്തും കൂടുതൽ സമ്പന്നരായി. രാജ്യത്തിന്റെ 48ശതമാനം സ്വത്ത് ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലാണ്. അതിസമ്പന്നരുടെ മേൽ രണ്ട്‌ ശതമാനം സ്വത്ത് നികുതി ഏർപ്പെടുത്തിയാൽ 50,000 കോടി രൂപ കിട്ടും. അത് പാവങ്ങളുടെ കണ്ണീരൊപ്പാൻ സഹായകമാകുമായിരുന്നു. അത് ചെയ്യാത്തതിലൂടെ മോദി ഭരണം "അച്ഛാ ദിൻ' പ്രദാനം ചെയ്യുന്നത് കോർപറേറ്റുകൾക്കാണെന്ന് തെളിഞ്ഞു.

സ്വകാര്യവൽക്കരണം അതി തീവ്രം

ഇതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതുസ്വത്തുക്കളുടെയും സ്വകാര്യവൽക്കരണനയം തീവ്രമായി തുടരുമെന്നും വിളംബരം ചെയ്തിട്ടുണ്ട്. എൽഐസി, ബിപിസിഎൽ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ തുടങ്ങിയവയുടെയെല്ലാം ഓഹരി വിൽപ്പനയ്ക്ക് മുൻഗണന കൽപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ ആർഎസ്എസ് നയിക്കുന്ന ബിജെപി കോർപറേറ്റുകളുടെയും വൻകിട കുത്തകകളുടെ താൽപ്പര്യം സംരക്ഷിക്കുന്ന വലതുപക്ഷ പാർടിയാണെന്ന് ബജറ്റിലൂടെ ആവർത്തിച്ച് തെളിയിക്കുന്നു. അവിടംകൊണ്ടും നിൽക്കുന്നില്ല. ബിജെപി ബൂർഷ്വാ പാർടി മാത്രമല്ല, കൊടിയ വർഗീയപാർടിയുമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അക്രമാസക്തമായി നിലകൊള്ളുന്ന കക്ഷിയുമാണ്. അതിനുള്ള വിഭവങ്ങളും വേണ്ടുവോളം ധനമന്ത്രി ബജറ്റിൽ കുത്തിനിറച്ചിട്ടുണ്ട്. പ്രതിരോധച്ചെലവുകൾ വർധിപ്പിച്ചിരിക്കുന്നത് റഫാൽ യുദ്ധവിമാനങ്ങളും മറ്റ് പടക്കോപ്പുകളും വാങ്ങുന്നതിന് മാത്രമല്ല, പെഗാസസ് പോലുള്ള ചാര ഉപകരണങ്ങൾ വാങ്ങിക്കൂട്ടാനുമാണ്. ഇതുപയോഗിച്ച് ഹിന്ദുത്വ അജൻഡയ്‌ക്ക്‌ കീഴടങ്ങാത്ത വ്യക്തികളെയും സംഘടനകളെയും വ്യാജത്തെളിവുണ്ടാക്കി കള്ളക്കേസിൽ കുടുക്കുകയും തടവറയിൽ തള്ളുകയുമാണ്.

ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ എന്ന പരിഷ്‌കാരത്തിന്റെ ഭാഗമായി ഭൂമി രജിസ്‌ട്രേഷന് ഏകീകൃതസമ്പ്രദായം കൊണ്ടുവരാനുള്ള നിർദേശവും ബജറ്റിലുണ്ട്. പൗരത്വം നിഷേധിക്കുന്നതുപോലെ ഇന്ത്യയിലെ അർഹതപ്പെട്ട പൗരൻമാർക്ക് ഭൂമി വാങ്ങാനുള്ള സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന തരത്തിലേക്ക് ഇത് മാറിക്കൂടെന്നില്ല. ഭൂമി രജിസ്‌ട്രേഷൻ സംസ്ഥാനസർക്കാരിന്റെ അധികാരത്തിൽപ്പെട്ട കാര്യമാണ്. ഭൂമി രജിസ്‌ട്രേഷനിലൂടെ സംസ്ഥാനം നേടുന്ന വരുമാനം കേന്ദ്രം കവരാൻ ഭാവിയിൽ ഇടവരും. അതിനപ്പുറം പൗരത്വത്തിലെ വിവേചനംപോലെ രജിസ്‌ട്രേഷനിലും വിവേചനം കൊണ്ടുവരാൻ ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്രം തുനിഞ്ഞുകൂടായ്‌കയുമില്ല. ഇങ്ങനെ വർഗീയ ലക്ഷ്യത്തിലൂടെ എന്തും ദുരുപയോഗപ്പെടുത്തുന്ന സർക്കാരാണ്‌ കേന്ദ്രത്തിൽ ഉള്ളതെന്നത് മറക്കാനാകുന്നതല്ല.

കേരളവിരുദ്ധത

കെ ഫോൺ, ഡിജിറ്റൽ സർവകലാശാല തുടങ്ങിയ കേരള പദ്ധതികൾ കേന്ദ്രബജറ്റിൽ പകർത്തിയത് നല്ല കാര്യമാണ്. പക്ഷേ, ഈ ബജറ്റിന്റെ ഏറ്റവും വലിയ ന്യൂനത കേരളവിരുദ്ധമാണ് എന്നതാണ്. സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നടപ്പാക്കിയ ചരക്കുസേവന നികുതിമൂലം സംസ്ഥാനങ്ങൾക്കുണ്ടായിരിക്കുന്നത് വലിയ നഷ്ടമാണ്. അത് നികത്താനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. ജിഎസ്ടി വരുമാനത്തിൽ വർഷം 14 ശതമാനം വളർച്ചയുണ്ടായെങ്കിൽ അതിലേക്കെത്താൻ എത്ര കുറവുണ്ടോ അത്രയും തുക കേന്ദ്രം നൽകണം. കേന്ദ്രം സാമ്പത്തികമായി സുശക്തവും സംസ്ഥാനങ്ങൾ ദുർബലവുമാകുന്നത് ഫെഡറൽ സങ്കൽപ്പത്തിന് നിരക്കുന്നതല്ല. അതിനാൽ ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷത്തേക്ക് നീട്ടണം. കേരളമടക്കം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ കേന്ദ്രം തയ്യാറായില്ല. തെറ്റായ ഈ നയം കഴിയുന്നത്ര വേഗം തിരുത്തണം. അതുപോലെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും തിരുത്തണം.

സംസ്ഥാനവികസനത്തെ ഉത്തേജിപ്പിക്കുന്നതല്ല കേന്ദ്രബജറ്റ്. എയിംസ്, റെയിൽവേ സോൺ എന്നിവയ്‌ക്കൊന്നും അനുമതിയില്ല. കേരളത്തിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾക്ക് നീക്കിവച്ച തുകയിലും മതിയായ വർധന ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ നാഴികക്കല്ലാകുന്ന കെ-റെയിൽ പദ്ധതിയെപ്പറ്റിയുള്ള പരാമർശവും ഉണ്ടായില്ല. ബജറ്റിൽ 400 വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചതുകൊണ്ട് കെ–റെയിൽ ഉപേക്ഷിക്കാമെന്ന അഭിപ്രായം ചില കോൺഗ്രസ് എംപിമാർ ഉൾപ്പെടെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, വന്ദേഭാരത് ട്രെയിനുകൾ വന്നാലും കേരളത്തിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന് ഇ ശ്രീധരൻപോലും പറഞ്ഞിട്ടുണ്ട്. പാളങ്ങളുടെ തുടർച്ചയായ വളവുകളാണ് തടസ്സം. അവ നിവർത്താൻ വലിയ ചെലവുവരും. ട്രെയിൻ ഗതാഗതവും നിർത്തിവയ്‌ക്കേണ്ടി വരും. ഇത് പ്രായോഗികമല്ലെന്ന് ശ്രീധരൻ മാത്രമല്ല, സാങ്കേതികവിദഗ്ധരായ ധാരാളം പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 160 കി.മീ വേഗത്തിൽ ട്രെയിൻ ഓടിക്കണമെങ്കിൽ പുതിയ അലെയ്ൻമെന്റിൽ മൂന്നാംപാത നിർമിക്കണം. അതിനും വലിയതോതിൽ ആളുകളെ ഒഴിപ്പിക്കേണ്ടിവരും. അത്തരം സ്ഥിതി സിൽവർ ലൈനിന്റെ കാര്യത്തിൽ ഉണ്ടാകില്ല.

ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്ക് 4 മണിക്കൂറിൽ എത്താൻ കഴിയുന്ന സിൽവർ ലൈൻ പാതയാണ് അഭികാമ്യം. സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് അനുപേക്ഷണീയമായ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള പിന്തുണയാണ് കേന്ദ്രസർക്കാർ നൽകേണ്ടത്. പാർലമെന്റിന് അകത്തും പുറത്തും നടക്കുന്ന ബജറ്റ് ചർച്ച അതിനുള്ള പ്രേരണകൂടിയാകണം.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT