Kerala News

വാക്കുകളിടറി വിതുമ്പി പിണറായി, ചെങ്കടലായി ജനസാഗരം, കോടിയേരിക്ക് നാടിന്റെ വിട

കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തില്‍ വാക്കുകളിടറി വിതുമ്പി മുഖ്യമന്ത്രി പിണറായി വിജയന്‍. അണമുറിഞ്ഞെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തി പയ്യാമ്പലം ശ്മശാനത്തില്‍ കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. അഴീക്കോടന്‍ സ്മാരകം മുതല്‍ പയ്യാമ്പലം ബീച്ച് വരെയുള്ള വിലാപയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും ശവമഞ്ചം ചുമലിലേറ്റി.

പിണറായിയുടെ വാക്കുകള്‍

എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം വാചകങ്ങള്‍, പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. എപ്പോ അവസാനിപ്പിക്കേണ്ടി വരും എന്നതിനെപ്പറ്റി എനിക്ക് തന്നെ നിശ്ചയമില്ല. ആ ഒരു സാഹചര്യത്തില്‍ അല്‍പം വഴിവിട്ട രീതിയിലാണ് സംസാരിക്കുന്നത്. കോടിയേരി രോഗാതുരനായപ്പോള്‍ അദ്ദേഹത്തെ കേരളത്തിലും കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും ചികിത്സിച്ച ഒട്ടേറെ ഡോക്ടര്‍മാരുണ്ട്. അവരെല്ലാം വലിയ സഹകരണാണ് നല്‍കിയിരുന്നത്. അവരുടെ കഴിവിന്റെ പരമാവധി അവരുപയോഗിച്ചിരുന്നു. അവര്‍ക്കെല്ലാം ഈ ഘട്ടത്തില്‍ സിപിഎമ്മിന് വേണ്ടി നന്ദി പറയുന്നു. അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെയും വലിയ തോതിലുള്ള പരിചരണവും ശ്രദ്ധയുമാണ് ലഭിച്ചിരുന്നത്. പക്ഷെ ചിലകാര്യങ്ങള്‍ നമ്മുടെ ആരുടേയും നിന്ത്രണത്തില്‍ അല്ല. വല്ലാത്ത ഒരു അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അപ്പോഴേക്കും സംഭവിച്ചിരിക്കുന്നു. ആദ്യം നല്ല പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും ശരീരത്തിന്റെ വളരെ അപകടകരമായ നിലയിലാണെന്ന് തിരിച്ചറിഞ്ഞു. എങ്കിലും പരമാവധി ശ്രമങ്ങള്‍ അവര്‍ നടത്തി.

നമ്മുടെ സമൂഹത്തില്‍ മനുഷ്യനന്മ അത് പൂര്‍ണ്ണമായും ഒഴിവായിട്ടില്ല എന്ന് തെളിയിക്കുന്ന ചില സന്ദര്‍ഭങ്ങളാണ് ഇത്തരത്തിലുള്ള ചില ഘട്ടങ്ങളില്‍ ഉണ്ടാകുന്നത്. ഞങ്ങള്‍ക്ക് വളരെ തിക്തമായ അനുഭവങ്ങള്‍ ഉള്ളതാണല്ലോ. അപ്പോഴും മനസ്സിനൊരു കുളിര്‍മ, ഈ നന്മ അവശേഷിക്കുന്നു എന്നതില്‍

അതിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്.

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാര വായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി. അതില്‍ നമ്മുടെ മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്.

നമ്മുടെ സമൂഹത്തില്‍ മനുഷ്യനന്മ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കും വിധമുള്ള, ഒരു തരത്തിലുള്ള കലവറയുമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന നിലയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം നമ്മള്‍ കണ്ടത്. അതേ പോലെത്തന്നെ വിവിധ കാര്യങ്ങള്‍ പരസ്പരം കരയുന്നവരും വലിയ തോതിലുളള അഭിപ്രായഭിന്നത പരസ്യമാക്കുന്നവരുമൊക്കെയാണ് രാഷ്ട്രീയ രംഗത്ത് എല്ലാവരും. എന്നാല്‍ സിപിഎമ്മിന്റെ താങ്ങാനാകാത്ത നഷ്ടം അതില്‍ ശരിയായ രീതിയില്‍ തന്നെ ആ വേദന ഉള്‍ക്കൊണ്ട് ഒരു പക്ഷം എന്ന നിലയില്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഖാവ് കോടിയേരിയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്ന കാഴ്ചയാണ് കണ്ടത്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത് ഏറ്റവുംപ്രാധാന്യമുള്ളതാണ്. ഈ വലിയ നഷ്ടത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്നു കൊണ്ട് ദുഖിക്കാന്‍ തയ്യാറായ എല്ലാവരോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണ്.

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം ഇല്ലാതാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോഴുള്ള വികാരവായ്‌പോടെയാണ് പാര്‍ട്ടി സഖാക്കള്‍, പാര്‍ട്ടി ബന്ധുക്കള്‍, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍, ഈ പാര്‍ട്ടി കേരളത്തില്‍ ശക്തമായ രീതിയില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍, എല്ലാം ഓടിയെത്തി സഖാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒന്ന് കാണാന്‍ ശ്രമിച്ചത്. ആ വികാരവായ്പ് അങ്ങേയറ്റം വികാര വിക്ഷുബ്ദമായ രംഗങ്ങള്‍, ഞങ്ങളെ ആകെ വല്ലാതെ വികാരം കൊള്ളിച്ചിരിക്കുകയാണ്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമിത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇത് പെട്ടെന്ന്പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം.

സഖാക്കള്‍ക്ക്, പാര്‍ട്ടി ബന്ധുക്കള്‍ക്ക്, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഞങ്ങള്‍ക്ക് നല്‍കാനുള്ളത് ഒരു ഉറപ്പുമാത്രമാണ്. ഈ നഷ്ടം വലിയ തോതിലുള്ളതാണ് ഒരു സംശയവുമില്ല. പക്ഷെ ഞങ്ങളത് കൂട്ടായപ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞത് പോലെ അവസാനിപ്പിക്കുന്നു.

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

SCROLL FOR NEXT