അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. കേസില്‍ സ്റ്റേ ചോദിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വധഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി തനിക്കെതിരെ പുതിയ കേസ് കെട്ടിച്ചമയ്ക്കുകയാണെന്നായിരുന്നു ദിലീപിന്റെ വാദം.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയിലൂടെ ലഭിക്കുന്ന ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക. ആറ് ഫോണുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ശബ്ദപരിശോധനയും നടത്തിയിരുന്നു.