Kerala News

അരികൊമ്പന്‍ ആ കാടുമായി പൊരുത്തപ്പെട്ടില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

അരികൊമ്പന്റെ കാര്യത്തില്‍ ആദ്യം സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തേക്കാള്‍ സുരക്ഷിതമായ ഒരു വഴിയുമില്ലെന്ന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ദ ക്യു ഇന്റര്‍വ്യുവില്‍ പറഞ്ഞു. പക്ഷേ ആ കാര്യത്തില്‍ നമ്മള്‍ കുറ്റപ്പെടുത്തേണ്ടത് കോടതിയേയാണെങ്കിലും ആ സാഹസത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മറ്റ് ആനകളെ പിടിച്ചത് പോലെ ഈ ആനയേയും പിടിക്കാമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചതെങ്കിലും ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ പിടിച്ച് സംരക്ഷണ കേന്ദ്രത്തിലാക്കിയ പിടി 7നും പിഎം2വും സുഖമായി കഴിയുകയാണ്. എന്നാല്‍ അരികൊമ്പന്‍ ആ കാടുമായി പൊരുത്തപ്പെട്ടില്ല. ഏഴ് കൊല്ലത്തിനിടയില്‍ വന്യജീവികളുടെ ആക്രമണം മൂലം 671 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അരികൊമ്പന്‍ ഉള്‍പ്പെടെ മൂന്ന് ആനകളെയും രണ്ട് കടുവകളെയും മാത്രമാണ് വനംവകുപ്പ് പിടിച്ചിട്ടുള്ളത്. വന്യജീവികളെയും മനുഷ്യരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍

പിടിക്കാന്‍ പാടില്ലെന്ന് ആദ്യം കോടതി പറഞ്ഞു. പിന്നീട് പിടിച്ച് പറമ്പിക്കുളത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു. ഇതിനെതിരെ എം.എല്‍.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ സംഘടനകളും ഇതേ കോടതിയെ സമീപിച്ചു. അപ്പോള്‍ കോടതി പറഞ്ഞു മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ടു പോയി ഉള്‍വനത്തിലേക്ക് കയറ്റി വിടാന്‍. സാറ്റ്‌ലൈറ്റ് കോളര്‍ ഐഡി പിടിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. നമ്മുടെ സംസ്ഥാനത്തെ കാട്ടില്‍ നിന്നും ആനയെ പിടിക്കാനുള്ള എല്ലാ അധികാരവും തമിഴ്‌നാടിനും ഉണ്ട്. തമിഴ്‌നാട് അതിനെ പിടിക്കരുതെന്ന് പറയാന്‍ നമുക്ക് അധികാരമില്ല. ആനയെ ഞങ്ങള്‍ സംരക്ഷിച്ചോളാം എന്ന് നമുക്ക് പറയാന്‍ കഴിയും. നമ്മള്‍ പ്രൊട്ടക്ട് ചെയ്യേണ്ടെന്നാണ് കോടതിയുടെ നിലപാട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേ വരെ വിധി പറഞ്ഞ ജഡ്ജി സര്‍ക്കാരിനേയോ വകുപ്പിനേയോ പ്രശംസിച്ച് കൊണ്ട് കത്തെഴുതിയിട്ടില്ല. ഈ ദൗത്യത്തില്‍ പങ്കെടുത്ത 150 പേരുടെയും സേവനത്തെയും സാഹസികതയേയും പ്രകീര്‍ത്തിച്ചു. വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്.

സാറ്റ്‌ലൈറ്റ് വീഡിയോ കോളര്‍ പിടിപ്പിച്ച ആനയാണ്. ആ ലിങ്കിലൂടെ ആര്‍ക്ക് വേണമെങ്കിലും അതിന്റെ മൂവ്‌മെന്റ്‌സ് നിരീക്ഷിക്കാന്‍ കഴിയും. അത് നമ്മള്‍ കൊടുക്കേണ്ട ആവശ്യമില്ല. ഫോറസ്റ്റിന് ഇന്റര്‍ ലിങ്കുണ്ട്. ആന തമിഴ്‌നാട് ഫോറസ്റ്റിലെത്തിയത് നമുക്ക് മനസിലായത് അങ്ങനെയാണ്. ആ സംവിധാനം തമിഴ്‌നാടിന് ഉണ്ടെങ്കില്‍ അവര്‍ക്കും എടുക്കാന്‍ കഴിയും. ചില സമയത്ത് റേഞ്ച് നഷ്ടപ്പെടും. യാത്ര ചെയ്യുമ്പോഴോ കുന്നിന്‍ ചരിവില്‍ എത്തുമ്പോഴോ നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ റേഞ്ച് നഷ്ടപ്പെടാറുണ്ട്. അതുപോലെ അവരുടെ റേഞ്ചും പോകും. അത് അസാധാരണ സംഭവമല്ല. മെക്കാനിക്കല്‍ തകരാറുമല്ല. തമിഴ്‌നാട്ടിലെ ചെക്ക്‌പോസ്റ്റിന് അടുത്ത് എത്തിയതായി നമുക്ക് വിവരം കിട്ടി. ആ ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. അതൊക്കെ ഫലപ്രദമായി നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ മാധ്യമലോകം വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. തമിഴ്‌നാടും കേരളവും മോണിറ്ററിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആനയെ എവിടെ കൊണ്ടു ചെന്നാക്കിയാലും ഭക്ഷണവും വെള്ളവും തേടി സഞ്ചരിച്ച് കൊണ്ടേയിരിക്കും. ആന മാത്രമല്ല ഏത് വന്യമൃഗവും ഒരു പ്രദേശത്ത് വീട് വെച്ച് അതിന് ചുറ്റും ജോലിയെടുത്ത് ജീവിക്കുന്നവരല്ല. വന്യമൃഗങ്ങള്‍ ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്ത് പുതിയ പുതിയ കുടുംബങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരാളെ അതിക്രമിച്ച് കടക്കാനോ അതില്‍ നിന്ന് പുറത്ത് കടക്കാനോ സമ്മതിക്കില്ല. വളരെ ചിട്ടയോടു കൂടിയ ജീവിത ശൈലി അവര്‍ക്കുണ്ട്. ആനയെ പിടിച്ച് പറമ്പിക്കുളത്തേക്കോ മുല്ലപ്പെരിയാറിലേക്കോ നെയ്യാറിലേക്കോ കൊണ്ടു പോയാലും പെട്ടെന്ന് അവരുടെ വാസസ്ഥലവുമായി പൊരുത്തപ്പെടുന്നതല്ല. ഷിഫറ്റ് ചെയ്യണോ വേണ്ടയോ എന്നതാണ് പ്രശ്‌നം. ഷിഫ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന തരത്തിലുള്ളത് ചെയ്യുകയാണ് വേണ്ടത്. ഷിഫ്റ്റിംഗിന് പറ്റിയത് ആന പരിപാലന കേന്ദ്രമാണ്. മറ്റ് എവിടെയും ആനയുടെ സുരക്ഷ ഉറപ്പ് വരുത്താനാകില്ല. കോടതി നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ പിടിച്ച് കാട്ടിലാക്കിയാല്‍ മതി. ഇതാണ് നമ്മളോട് പറഞ്ഞിരിക്കുന്നത്. പിന്നെ ആ ആനയുടെ ഉത്തരവാദിത്തം വനംവകുപ്പിന് ഇല്ല. അത്തരമൊരു നിരുത്തവാദപരമായ നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാരിനെയും വനംവകുപ്പിനെയും ആന പ്രേമികളും കോടതിയും ചേര്‍ന്ന് എത്തിച്ചു എന്ന് പരാതി പറയാം. അതിനെ ലംഘിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അരികൊമ്പനെ ഇനി പിടിക്കാന്‍ പറയാതെ നമ്മളെങ്ങനെയാണ് പിടിക്കുക? ഈ കോടതി ഉത്തരവുള്ള കാലത്തോളം കേരളത്തിലെ വനംവകുപ്പിന് പിടിച്ച് കൂട്ടില്‍ കൊണ്ടു വരാന്‍ കഴിയില്ല. അവിടെ നിന്നും പിടിച്ച് മറ്റൊരു കാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ ഈ ഉത്തരവ് തന്നെ മതിയാകുമായിരിക്കും. ഒരേ മൃഗം ഇന്ന് ചിന്നക്കനാലിലും നാളെ തേക്കടിയിലും മറ്റന്നാള്‍ പെരിയാറിലും അതിന് പിറ്റേ ദിവസം സൈലന്റ്വാലിയിലും പ്രശ്‌നമുണ്ടാക്കുക, പിന്നെ അവിടെ നിന്നും വയനാട്ടിലേക്ക് പിടിച്ച് കൊടുക്കുക എന്നത് നെവര്‍ എന്‍ഡിംഗ് പ്രോസസ് അല്ലേ. അതിലേക്ക് പോകാന്‍ സാധിക്കുമോ. വനംവകുപ്പായിരുന്നു ശരി. തമിഴ്‌നാട് എന്തെങ്കിലും ചെയ്യുമോ എന്നാണ് ഇനി നോക്കേണ്ടത്. അവിടുത്തെ ജനങ്ങളെ രക്ഷിക്കാനുള്ള നടപടി അവര്‍ക്ക് സ്വീകരിക്കണമല്ലോ. ഇത്ര ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്ന് ചിലപ്പോള്‍ കോടതി കരുതിയിട്ടുണ്ടാകില്ല. കേസ് കൊടുത്തവര്‍ കരുതിയിട്ടുണ്ടാകും. സര്‍ക്കാരിനെ വെട്ടിലാക്കാനും അമിതമായ ആന പ്രേമം പ്രകടിപ്പിക്കാനും മോശം വകുപ്പാണെന്ന് വരുത്തി തീര്‍ക്കാനും അതിന് കൂട്ടുനില്‍ക്കാന്‍ മേനകാഗാന്ധിയൊക്കെയുള്ള വലിയ ശൃംഖലയൊക്കെയുണ്ട്. യാഥാര്‍ത്ഥ്യവുമായി അവര്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. മേനകാ ഗാന്ധിക്ക് ഞാനൊരു കത്തെഴുതിയിരുന്നു. അവര്‍ പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായത് കൊണ്ടാണ് കത്തെഴുതിയത്.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ ഏഴ് കൊല്ലത്തിനിടയില്‍ വന്യജീവികളുടെ ആക്രമണം മൂലം 671 പേര്‍ മരിച്ചിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ പിടിച്ചിട്ടുള്ളത് അരിക്കൊമ്പന്‍ ഉള്‍പ്പെടെ മൂന്ന് ആനകളെയും രണ്ട് കടുവകളെയുമാണ്. ഈയൊരു യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാതെ വരട്ട് തത്വവാദത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന നിലപാടുകളാണ് അരികൊമ്പനെ ഇത്ര പ്രശ്‌നക്കാരനും പ്രശസ്തനുമാക്കിയത്. സര്‍ക്കാരിന്റെ നിലപാട് തീവ്രവാദമെന്ന നിലയിലേക്ക് മാറരുത് എന്നതാണ്. ആനയോട് അമിത പ്രേമം കാരണം മനുഷ്യരെ അവഗണിക്കുക, തിരിച്ച് മനുഷ്യരോട് അമിത പ്രേമം കാണിച്ച് വന്യജീവികളെ അവഗണിക്കുക. ഇത് രണ്ടും പറ്റില്ല. വന്യജീവികളും മനുഷ്യരും സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷിക്കേണ്ടതും സര്‍ക്കാരാണ്. അര്‍ത്ഥവത്തായ രണ്ട് ദൗത്യം ഒരേ സമയം നടത്തുകയെന്ന ഭാരിച്ച ഉത്തവാദിത്തമാണ് വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എടുക്കേണ്ടി വരുന്ന ഊര്‍ജ്ജവും ശ്രമവും ഇതുവരെ ആരും ഗൗരവത്തില്‍ കണ്ടിട്ടില്ല.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT