ബിന്ദു അമ്മിണിക്കെതിരെ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്നത് ഭരണകൂടത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് സംവിധായകന്‍ ജിയോ ബേബി ദ ക്യുവിനോട് പറഞ്ഞു. ചരിത്രത്തില്‍ ഇടമുള്ള വ്യക്തിയാണ് ബിന്ദു അമ്മിണി. സംരക്ഷണം നല്‍കണമെന്ന് കോടതി വിധിയുണ്ടായിട്ടും അക്രമിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്.
ബിന്ദു അമ്മിണിയുടെ ദളിത് പശ്ചാത്തലം അവഗണനയ്ക്ക് കാരണമാകുന്നുണ്ടെന്നും ജിയോ ബേബി പറഞ്ഞു. സര്‍ക്കാരും ആഭ്യന്തരവകുപ്പും ഈ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും ജിയോ ബേബി ആവശ്യപ്പെട്ടു.
ജിയോ ബേബിയുടെ വാക്കുകള്‍
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ ഇടപെട്ട ആളാണ്. അത് അമ്പലത്തില്‍ പ്രവേശിക്കുക എന്നതല്ല, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരിടത്ത് പ്രവേശിക്കാമെന്ന കോടതി വിധി വന്നപ്പോള്‍ അത് നടപ്പിലാക്കിയ സ്ത്രീകളില്‍ ഒരാളാണ്. അവര്‍ ചരിത്രത്തില്‍ ഇടമുള്ള വ്യക്തിയാണ്. അത്രയേറെ പ്രാധാന്യമുള്ള ഒരു സ്ത്രീയേയാണ് നിരന്തരം അക്രമിക്കുന്നത്. സംരക്ഷണം നല്‍കാന്‍ കോടതി വിധിയുണ്ട്. എന്നിട്ടും അക്രമിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ പിടിപ്പുകേടാണ്.
ദളിത് പശ്ചാത്തലം അവഗണന തുടരുന്നതിന് കാരണമാകുന്നുണ്ട്. ദളിതരോട് ഭരണകൂടവും പോലീസും എങ്ങനെയാണ് പെരുമാറുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ശബരിമല പ്രവേശനം നേടിയ സ്ത്രീകളെക്കുറിച്ച് എന്തുകൊണ്ടാണ് പി.എസ്.സി പരീക്ഷയില്‍ ചോദ്യം വരാത്തത്?. അത്രമാത്രം അവഗണനയാണ് ഇവര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഭരണകൂടവും പോലീസ് വകുപ്പും കൃത്യമായി ഇടപെടുന്നില്ല. ഇതിനെതിരെ പൊതുസമൂഹം പ്രതികരണം ഉണ്ടാവണം. ബിന്ദു അമ്മിണിയെ അക്രമിക്കുമ്പോള്‍ സന്തോഷിക്കുന്നവരെ ഫേസ്ബുക്കില്‍ കാണാം. വീഡിയോക്ക് താഴെ സ്വാമി ശരണം എന്ന് കമന്റിടുന്ന, നൂറ്റാണ്ടുകള്‍ പിറകില്‍ ജീവിക്കുന്ന ജനതയേയും കാണാം. ഇതിനോടൊക്കെയും അതോടൊപ്പം ഭരണകൂടത്തോടുമുള്ള പ്രതിഷേധം ഞാനിവിടെ അറിയിക്കുന്നു.