മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിംഗ വിവേചനവും ലൈംഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിംഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.
നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള‍് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല‍്കിയിട്ടുള്ളത്.
സിനിമയിലുള്ളവരിൽ നിന്ന് തന്നെയാണ് ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നത് എന്ന് റിപ്പോർട്ടുകൾ. സിനിമയിൽ വരുന്നതിനും, ജോലി ചെയ്യുന്നതിനും മുൻപ് തന്നെ ലൈംഗിക ചൂഷണം ആരംഭിക്കുന്നു എന്നും സിനിമയിൽ അവസരം ലഭിക്കാൻ സിനിമയിൽ ഉള്ളവരെയോ അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ കാണേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അവസരങ്ങൾ വിലക്കാൻ സിനിമയിൽ 'മാഫിയ' ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശം. മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്റെ ശക്തമായ ലോബിയെ 'മാഫിയ' എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരക്കാർക്ക് സിനിമയിൽ എന്തും ചെയ്യാൻ കഴിയും. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച്, പ്രമുഖരായ സംവിധായകരെയും നിർമ്മാതാക്കളെയും അഭിനേതാക്കളെയും അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയെയും വിലക്കാൻ കഴിയും. അത്തരം നിരോധനം നിയമവിരുദ്ധവും അനധികൃതവുമാണ്.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് പവർ ഗ്രൂപ്പ് ആണെന്നും ആ പവർ ഗ്രൂപ്പിലുള്ളത് മലയാള സിനിമയിലെ മുൻനിരയിലുള്ള 15 പുരുഷന്മാരാണെന്നും പരാമർശം
സിനിമയിൽ മാത്രമല്ല സീരിയലിലും ലൈഗിക ചൂഷണം നടക്കുന്നു.
മലയാള സിനിമയിൽ ലൈംഗിക വ്യാപാരത്തിനായി വാട്സ് ആപ് ഗ്രൂപ്പുകളുണ്ടെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി മാത്രം ചിലർ സിനിമയിലുണ്ടെന്നും ലൈംഗിക താൽപര്യത്തിന് വഴങ്ങുന്ന നടിമാർക്ക് കോഡുകളുണ്ടെന്നും റിപ്പോർട്ട്. ഇതിന് ഇടനിലക്കാരായി പ്രവർത്തിക്കാൻ ഏജന്റുമാരും ഉണ്ട്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടിൽ പരാമർശം. പുറത്തു വരാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച നടിക്ക് ഭീഷണി നേരിടേണ്ടി വന്നതായും മൊഴി. സിനിമയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നടിക്ക് നൽകാൻ സംവിധായകൻ തയ്യറായില്ല. സമ്മതത്തോടെ മാത്രമേ ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്യുകയുള്ളൂ എന്ന് വാഗ്ദാനം നൽകിയിട്ടും ലിപ് ലോക്ക് രംഗവും, നഗ്ന രംഗവും ശരീരം പ്രദർശിപ്പിക്കുന്ന സീനുകളും ചെയ്യാൻ നിർബന്ധിതയായതായി മൊഴി. ചിത്രീകരണത്തിന്റെ അടുത്ത ദിവസം ബാത് ടബ് സീനും നഗ്നരംഗവും ഷൂട്ട് ചെയ്യണമെന്ന സംവിധായകന്റെ ആവശ്യത്തെ തുടർന്ന് സിനിമ ഉപേക്ഷിക്കേണ്ടി വന്നു എന്നും കൊച്ചിയിലേക്ക് നേരിട്ട് വരാതെ ഷൂട്ട് ചെയ്ത ഇൻ്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ ഭീഷണപ്പെടുത്തിയതായും മൊഴിയിൽ പറയുന്നു.
49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവിലുണ്ട്.