Kerala News

മഞ്ഞക്കൊന്ന ഇനി പേപ്പറായി മാറും, കാട്ടിലെ വില്ലനെ മുറിച്ചു മാറ്റാന്‍ അനുമതി; ന്യൂസ്പ്രിന്റ് നിര്‍മിക്കുക കെപിപിഎല്‍

ചുറ്റുമുള്ള സസ്യജന്തുജാലങ്ങള്‍ക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്‌പെക്ടാബിലിസ്) മുറിച്ചു മാറ്റി പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ അനുമതി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എല്‍ ഫാക്ടറിയില്‍ പേപ്പര്‍ പള്‍പ്പ് ഉല്‍പാദിപ്പിക്കാന്‍ ഇനി മഞ്ഞക്കൊന്നയും ഉപയോഗപ്പെടുത്തും. ഇതിനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചു. കേന്ദ്രം കൈയ്യൊഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനമാണ് മുന്‍പ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ.പി.പി.എല്‍. വിപണിയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

അധിനിവേശ സസ്യ ഇനത്തില്‍ പെട്ട മഞ്ഞക്കൊന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് പ്രധാനമായും വളര്‍ന്ന് വ്യാപിക്കുന്നത്. വയനാട് സങ്കേതത്തിലെ 35 ശതമാനത്തിലേറെ പ്രദേശത്ത് 123.86 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ മഞ്ഞക്കൊന്ന വ്യാപിച്ചിരിക്കുകയാണ്. 55. 26% വേഗതയിലാണ് ഈ സസ്യം പടര്‍ന്ന് കയറുന്നത്. കാട്ടിലെ സസ്യജന്തു ജാലങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് മഞ്ഞക്കൊന്നയുടെ സാന്നിധ്യം. ചുറ്റുമുള്ള സസ്യങ്ങളേയും മഞ്ഞക്കൊന്നയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കും. വന്യജീവികള്‍ക്ക് തീറ്റയായും ഇലകള്‍ ഉപയോഗപ്പെട്ടില്ല. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ഇത് കാരണമാകുന്നതായും വനം വകുപ്പ് വിലയിരുത്തുന്നുണ്ട്.

നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തില്‍ മഞ്ഞക്കൊന്ന വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും എന്ന് കണ്ടാണ് മഞ്ഞക്കൊന്ന മുറിച്ചു മാറ്റാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സി.സി.എഫ് ഉത്തരവിട്ടത്. സംരക്ഷിത വനമേഖലകളില്‍ നിന്ന് മുറിച്ചു മാറ്റുന്ന മരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കെ.പി.പി.എല്ലിന് കൈമാറും. ഈ പണം വനം പുനസ്ഥാപനത്തിന് ഉപയോഗിക്കും. 5000 മെട്രിക് ടണ്‍ മഞ്ഞക്കൊന്നയാണ് തുടക്കത്തില്‍ കെ.പി.പി.എല്‍ ശേഖരിക്കുക. കെ.പി.പി.എല്‍ നേരിട്ട് നടത്തിയ പഠനത്തിലാണ് മഞ്ഞക്കൊന്ന പേപ്പര്‍ ഉല്‍പാദനത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടത്. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ കെ.പി.പി.എലിന്റെ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറിന് വനം വകുപ്പും കെ.പി.പി.എല്ലുമായി നേരത്തെ ധാരണയായിരുന്നു.

പ്രതിമാസ ഉല്‍പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് നേട്ടമാണ് കെപിപിഎല്‍ കൈവരിച്ചിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5236 ടണ്‍ ന്യൂസ് പ്രിന്റ് ഉല്‍പാദനമാണ് മെയ് മാസത്തില്‍ കൈവരിച്ചത്.

ഇറുക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ്പ്രിന്റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉല്‍പ്പന്നങ്ങളെന്നതിനാല്‍ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, തമിഴ് ദിനപത്രങ്ങളായ ദിനതന്തി, ദിനകരന്‍, ദിനമലര്‍, മാലൈ മലര്‍, തെലുങ്ക് ദിനപത്രങ്ങളായ സാക്ഷി, ആന്ധ്രജ്യോതി, നവതെലുങ്കാന, പ്രജാശക്തി, ഹിന്ദി/ഗുജറാത്തി ദിനപത്രങ്ങളായ ദൈനിക് ഭാസ്‌കര്‍, ഗുജറാത്ത് സമാചാര്‍, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഡെക്കാണ്‍ ക്രോണിക്കിള്‍ തുടങ്ങിയ പത്രങ്ങള്‍ കെപിപിഎല്‍ ന്യൂസ്പ്രിന്റ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT