Kerala News

പീഡന പരാതി വ്യാജം, എന്റെ ഭാഗത്ത് ന്യായമുണ്ട്, ഓടിയൊളിക്കില്ല; നിവിൻ പോളിയുടെ പ്രസ് മീറ്റിന്റെ പൂർണ്ണരൂപം

പീഡന പരാതിയില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. വ്യാജ പരാതിയാണിത്. പരാതിക്കാരിയായ പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. സത്യം തെളിയും വരെ നിയമപോരാട്ടം നടത്തും. കേസെടുത്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

നിവിൻ പോളിയുടെ പ്രസ്മീറ്റിന്റെ പൂർണ്ണ രൂപം

എനിക്കെതിരെ കേസെടുത്ത ഒരു വാർത്ത എല്ലാ മാധ്യമങ്ങളിലും കാണുന്നുണ്ട്. അത് സംഭവം തീർത്തും വ്യാജമാണെന്ന് അറിയിക്കട്ടെ. പെട്ടെന്ന് വാർത്ത കണ്ടപ്പോള്‍ ബാധിച്ചു. നമുക്ക് കുടുംബം ഉള്ളതല്ലേ. എന്‍റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എന്‍റെ കെെയ്യില്‍ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്. എന്റെ ഭാഗത്ത് നൂർ ശതമാനം സത്യം ഉള്ളത് കൊണ്ടാണ് ഇങ്ങനെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കാൻ തയ്യാറായത്.

എനിക്ക് വേണ്ടി സംസാരിക്കാന്‍ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാല്‍ നിങ്ങള്‍ എന്റെ കൂടെ നില്‍ക്കണം. ഒരു മാസം മുമ്പ് സമാനമായ പരാതിയില്‍ പൊലീസ് വിളിച്ചിരുന്നു. എനിക്കറിയില്ലെന്നാണ് പറഞ്ഞത്. വ്യാജ കേസ് ആണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്. പരാതിക്കാരി പബ്ലിസിറ്റി വേണ്ടി ചെയ്തതാവാം എന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. പിന്നീട് നിയമോപദേശം തേടിയപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചത്. അത് കൊണ്ട് പിന്നെ ആ കേസിന്റെ പിന്നാലെ പോയില്ല. അക്കാര്യത്തിൽ എന്തെങ്കിലും അന്വേഷണം നടത്താനും ഞാൻ നിന്നില്ല. നമ്മളെ അറിയാത്ത ഒരാൾ ഒരു ആരോപണം ഉന്നയിച്ചു, അത് ശരിയല്ലാത്ത കാര്യമാണെന്ന് പോലീസ് പറഞ്ഞു. അത് കൊണ്ട് ആ വിഷയം അവിടെ വിട്ടതാണ്.

കുടുംബത്തിന് തന്നെ അറിയാം. ഇങ്ങനെ ഒരു വാർത്ത വൈകീട്ട് കണ്ടപ്പോൾ ആദ്യം അമ്മയെ ആണ് വിളിച്ചത്. ചാനലുകളിൽ വാർത്ത കാണുന്നുണ്ട് എന്ന വിവരം അമ്മയോട് പറഞ്ഞപ്പോൾ എന്റെ മോനെ എനിക്കറിയാം, മോൻ പേടിക്കേണ്ടതില്ലെന്ന് അമ്മ ഇങ്ങോട്ട് പറഞ്ഞു. അത് വലിയ ധൈര്യം തന്നു. ഇത്തരം വാർത്തകൾ വന്നാൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഉണ്ടാകുന്ന വേദന ചെറുതല്ല, അതിനാലാണ് ഉടനെ പ്രതികരിക്കാൻ തയ്യാറായത്. നാളെ ഈ കേസ് വ്യാജമാണെന്ന് തെളിഞ്ഞാൽ ഇന്ന് ഈ വാർത്ത കൊടുത്ത എത്ര മാധ്യമങ്ങൾ എന്റെ ഭാഗം വാർത്ത കൊടുക്കും. സത്യം തെളിഞ്ഞാലും ഈ നുണക്കഥ നാട്ടിൽ മൊത്തം അപ്പോഴും പ്രചരിക്കില്ലേ. ഞാൻ ഇവിടെ മാധ്യമങ്ങൾക്ക് മുമ്പിൽ തന്നെ ഉണ്ടാകും. എവിടെയും ഒളിച്ചോടില്ല. എന്റെ വീട്ടുകാരെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ അവർ എനിക്ക് പൂർണ്ണ പിന്തുണ തന്നിട്ടുണ്ട്, സത്യം തെളിയിക്കാന്‍ അവസാനം വരെ പോരാടും. അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണ് എന്ന കാര്യം ഉറപ്പാണ്.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുതിയ പരാതിയുടെ ഉള്ളടക്കം അറിയില്ല. അന്ന് നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. കേസിൽ പ്രതിചേർത്ത ആറ് പേരില്‍ ഒരാളെ അറിയാം. മലയാള സിനിമയില്‍ ഫണ്ട് ചെയ്യുന്നയാളാണ്. താനും മേടിച്ചിട്ടുണ്ട്. ആ ബന്ധം മാത്രമെയുള്ളൂ. ഒന്നാം പ്രതിയെയോ ബാക്കിയുള്ളവരെയോ അറിയില്ല. അദ്ദേഹം മലയാളത്തിലെ ഒട്ടുമിക്ക സിനിമക്കാർക്കും സിനിമ നിർമ്മിക്കാനായി പണം നൽകാറുണ്ട്. സിനിമ തുടങ്ങും മുമ്പ് കരാർ എഴുതി പണം വാങ്ങി സിനിമ ബിസിനസ് ആയ ശേഷം പണം തിരിച്ച് നൽകുന്നതാണ് രീതി. ഇതാണ് അദ്ദേഹവുമായുള്ള പരിജയം.

ഈ നിര്‍മാതാവിനെ ദുബായ് മാളില്‍വെച്ച് കണ്ടിട്ടുണ്ട്. റാഫേല്‍ എന്ന സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞ് പിരിഞ്ഞു. മറ്റൊരിടത്തും വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. അന്വേഷണത്തെ ബഹുമാനിക്കുന്നു. ബാക്കി പ്രചരിക്കുന്ന കാര്യങ്ങളിൽ ഒന്നും സത്യമില്ല. കേസെടുത്ത വിഷയം ആയതിനാൽ ആരുടെയെല്ലാം പേരുകൾ പറയാം, വിവരങ്ങൾ പങ്കുവെക്കാം എന്ന കാര്യത്തിൽ എനിക്ക് അത്ര വ്യക്തതയില്ല.

മലയാള സിനിമയിലുള്ളവർ എല്ലാവരും മോശക്കാരാണെന്ന ഒരു പ്രതീതി ഇവിടെ ഉണ്ടാകുന്നുണ്ട്. അത് ശരിയല്ല. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കണം. ഒരു ഇൻഡസ്ട്രിയെ ഒന്നാകെ തകർക്കുന്ന രൂപത്തിൽ ആരും പ്രചാരണങ്ങൾ നടത്തരുത്.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍പോളിക്കെതിരായ പരാതി. എറണാംകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT