Kerala News

സമ്മർദ്ദത്തിനൊടുവിൽ അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്, ബം​ഗാളി നടിയുടെ ലൈം​ഗികാരോപണത്തിൽ

ബം​ഗാളി നടി ഉന്നയിച്ച ലൈം​ഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ചുവെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചു. രഞ്ജിത്തിനെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല‍്കാൻ മന്ത്രി തയ്യാറായില്ല. ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ തന്നെ കത്ത് നല്‍കാമെന്ന് രഞ്ജിത്ത് അറിയിച്ചെന്നും സജി ചെറിയാന്‍. രഞ്ജിത്തിനെതിരെ ലൈം​ഗികാരോപണം പുറത്തുവന്നതിന് പിന്നാലെ ര‍ഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനിൽ നിന്നുണ്ടായത്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയിൽ നിന്നടക്കം രഞ്ജിത്തിന്റെ രാജിക്കായി സമ്മർദ്ദമുയർന്നിരുന്നു. സിപിഐ നേതാവ് ആനി രാജ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ പരസ്യമായി എതിര‍്ത്ത് രം​ഗത്ത് വന്നിരുന്നു.

രഞ്ജിത്ത് രാജ്യം കണ്ട ഏറ്റവും വലിയ കലാകാരനാണെന്നും അദ്ദേഹം നിരപരാധിയാണെങ്കിൽ എന്ത് ചെയ്യുമെന്നുമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചത്. കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാനാവുമോ? ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ആക്ഷേപം പറഞ്ഞാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ എടുത്ത ഏതെങ്കിലും കേസ് നിലനിന്നിട്ടുണ്ടോ?. പരാതിയുണ്ടെങ്കിൽ അനിവാര്യമായ നടപടികൾ നിയമാനുസൃതം എടുക്കുമെന്നും രേഖാമൂലമുള്ള പരാതിയിന്മേൽ മാത്രമേ ഈ വിഷയത്തിൽ പരിശോധന നടത്താനാകൂ എന്നും മന്ത്രി സജി ചെറിയാൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാന‍് ഇന്ന് പറഞ്ഞത്

സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്. കഴിഞ്ഞ ദിവസം തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചത് വേദനയുണ്ടാക്കി. മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന ഏക പുരുഷനാണ് ഞാന്‍. സ്ത്രീകള്‍ക്ക് എതിരായ ഏത് നീക്കത്തേയും ശക്തമായി ചെറുക്കുന്ന ആളാണ്.

സജി ചെറിയാന‍് ഇന്നലെ പറഞ്ഞത്

ഇന്നലെ സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടതായി മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അത് സംബന്ധിച്ച് രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടിയും നടിയുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവർക്ക് പരാതിയുണ്ടെങ്കിൽ വരട്ടെ. വന്നുകഴിഞ്ഞാൽ അനിവാര്യമായ നടപടികൾ നിയമാനുസൃതം എടുക്കും. ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ആക്ഷേപം പറഞ്ഞാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ എടുത്ത ഏതെങ്കിലും കേസ് നിലനിന്നിട്ടുണ്ടോ? ഇരയോടൊപ്പമാണ് ഉള്ളത്. വേട്ടക്കാരനോടൊപ്പമല്ല.

അന്വേഷണം നടത്തി അദ്ദേഹത്തിന്റെ ഭാഗത്ത് കുറ്റമുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാനാകുമോ? ഏതെങ്കിലും ഒരു കാരണവശാൽ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും. അപ്പോൾ ഒരു നിരപരാധിയെ ക്രൂശിക്കാൻ ആകുമോ. അദ്ദേഹം ഇന്നലെ ആ ആരോപണം നിഷേധിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ഒരു കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സെറ്റിലാണ് ഇങ്ങനെ ഒരു വിഷയം നടന്നതെന്ന് പറയപ്പെടുന്നത്. അദ്ദേഹം പറയുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകർ കൂടെ ഉണ്ടായിരുന്നു എന്ന്. ഇതെല്ലാം പരിശോധിക്കാൻ കഴിയുക പരാതിയിന്മേലാണ്. രേഖാമൂലമുള്ള പരാതിയിന്മേൽ അല്ലാതെ കേസെടുക്കാൻ ആവില്ല എന്ന് സുപ്രീം കോടതി പലതവണ പറഞ്ഞിട്ടുണ്ട്

രഞ്ജിത്തിനെതിരായ ബം​ഗാളി നടിയുടെ പരാതി

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു. വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. താൻ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ലെന്നും നടി പറയുന്നു.

സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ല. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. എന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണം

(ശ്രീലേഖ മിത്രംഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്)

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT