കിഴക്കമ്പലം കിറ്റെക്‌സില്‍ തൊഴിലാളികളെ പൂട്ടിയിട്ട് അടിമകളെ പോലെ പണിയെടുപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. തൊഴിലാളികളെ പുറത്ത് പോകാനോ പുറംലോകവുമായി ബന്ധപ്പെടാനോ അനുവദിക്കാതെ ഗേറ്റ് പൂട്ടി കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. നിയമ പ്രകാരമുള്ള മിനിമം കൂലി പോലും ഈ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കിറ്റക്‌സിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് തൊഴില്‍ വകുപ്പ് അന്വേഷണം നടത്തിയിട്ടില്ല. തൊഴിലാളികളെ സംബന്ധിക്കുന്ന രേഖകള്‍ ലേബര്‍ ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ല. കിറ്റക്‌സ് മാനേജ്‌മെന്റും പോലീസും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇത് അന്വേഷിക്കണം. ഇവര്‍ മാനേജ്‌മെന്റിന് വേണ്ടി സംസാരിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇത് അന്വേഷിക്കുന്നതിനായി ഉന്നതതല സംഘത്തെ നിയോഗിക്കണം.
കിറ്റക്‌സ് കമ്പനിയെ പേടിച്ചാണ് പ്രദേശവാസികളും ജീവിക്കുന്നത്. കമ്പനിക്കെതിരെ സംസാരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കും. പോലീസും കമ്പനിക്കൊപ്പം ചേര്‍ന്ന് ഉപദ്രവിക്കുമെന്ന ഭയം നാട്ടുകാര്‍ക്കുണ്ട്.
കിറ്റക്‌സ് മാനേജ്‌മെന്റ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നു. മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കുന്നില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടാലും കമ്പനിയെ സംബന്ധിച്ച കാര്യങ്ങള്‍ നല്‍കാന്‍ പഞ്ചായത്തും തയ്യാറാകുന്നില്ല. കേരളം പോലൊരു സംസ്ഥാനത്ത് നടക്കുമെന്ന് കരുതാന്‍ കഴിയാത്ത കാര്യങ്ങളാണ് കിഴക്കമ്പലത്ത് സംഭവിക്കുന്നതെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.