ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സേന രൂപീകരിക്കുന്നതില്‍ പൊലീസില്‍ ആശയക്കുഴപ്പം. എ.ഡി.ജി.പിമാരുടെ യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താനായില്ല. സേനയില്‍ നേരിട്ട് ഉള്‍പ്പെടുത്താതെ ഹോം ഗാര്‍ഡായി നിയമിക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുന്നത്. ഹോം ഗാര്‍ഡായി നിയമിച്ച് പ്രകടനം വിലയിരുത്തിയ ശേഷം സേന രൂപീകരിക്കാമെന്നാണ് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം. തീരുമാനം ഐ.ജി തല സബ്കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. വനിതാ പോലീസ് പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ ബെറ്റാലിയന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പോലീസിനോട് ആഭ്യന്തര വകുപ്പ് അഭിപ്രായം തേടിയിരുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസില്‍ നിയമിക്കാനുള്ള ആലോചന കൈയടി നേടിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് സേനയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചന ആരംഭിച്ചത്. ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും സര്‍ക്കാര്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്തിരുന്നു.
എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് പോലീസിന്റെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഈ യോഗത്തില്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം അവതരിപ്പിക്കുന്നതിനായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ട് എ.ഡി.ജി.പിമാരെ നിയോഗിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും എ.പി ബെറ്റാലിയന്‍ എ.ഡി.ജി.പിയുമായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കായിത്.
എ.ഡി.ജി.പിമാരുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്താനായില്ല. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഏത് വിധത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ടാക്കാന്‍ യോഗത്തിന് കഴിഞ്ഞില്ല. ക്രമസമാധാന ചുമതലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമിച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കുമോയെന്നതാണ് യോഗത്തില്‍ ഉയര്‍ന്ന ആശങ്ക.
ട്രാഫിക്കിലും ഓഫീസ് ഡ്യൂട്ടികളിലും ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഇതോടെയാണ് സബ്കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്നതിലേക്ക് എത്തിയത്. സേനയില്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്നതില്‍ അന്തിമ റിപ്പോര്‍ട്ട് സബ്കമ്മിറ്റി നല്‍കണം. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സബ്കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത എ.ഡി.ജി.പിമാരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആ യോഗത്തില്‍ തീരുമാനമെടുത്ത് ഇന്റലിജന്‍സ് എ.ഡി.ജി.പി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.