Kerala News

മോഹൻലാൽ രാജിക്ക് മുമ്പായി മമ്മൂട്ടിയെ വിളിച്ചു; നാടകീയമായ 'അമ്മ'യിലെ കൂട്ടരാജിക്ക് പിന്നിൽ

'അമ്മ' സംഘടനയിലെ ഭരണ സമിതി അംഗങ്ങൾക്ക് നേരെ ലൈംഗിക ആരോപണം വന്ന പശ്ചാത്തലത്തിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നു എന്നാണ് കൂട്ടരാജിക്ക് പിന്നാലെ നൽകിയ പത്രകുറിപ്പിലെ പരാമർശം. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെ ഭരണസമിതിയിലെ മറ്റു അംഗങ്ങളുടെ പേരിലും ലൈംഗിക ആരോപണം വന്ന സാഹചര്യത്തിലാണ് ബാക്കി ഭാരവാഹികളുടെ ഈ കൂട്ടരാജി.

അമ്മയിലെ അംഗങ്ങൾക്കെതിരെ തുടരെ ആരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ ഭാരവാഹികൾ പ്രതികരിക്കാൻ നിർബന്ധിതരായിരുന്നു. തിങ്കളാഴ്ച്ച എക്സിക്യൂട്ടീവ് യോഗം ചേർന്ന ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന് പറഞ്ഞിരുന്നെങ്കിലും യോഗം മാറ്റിവെച്ചു. ജോയിന്റ് സെക്രട്ടറി കൂടിയായ ബാബുരാജിനെതിരെ കൂടെ ആരോപണം വന്ന പശ്ചാത്തലത്തിൽ ഇനി ഈ പദവിയിൽ മുന്നോട്ട് പോകാനാവില്ല എന്ന നിലപാട് എടുക്കുകയായിരുന്നു മോഹൻലാൽ. തിങ്കൾഴ്ച്ച രാത്രി തന്നെ മമ്മുട്ടിയുമായി മോഹൻലാൽ ഇക്കാര്യം സംസാരിച്ചു. മമ്മുട്ടിയും രാജിയെ അനുകൂലിച്ചു. ഒറ്റക്ക് രാജിവെക്കേണ്ടതില്ലെന്നും കൂട്ടരാജിയാണ് ഉച്ചതമെന്ന ആശയം മമ്മുട്ടിയാണ് പങ്കുവെച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഓൺലൈനിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് മോഹൻലാൽ രാജിക്കാര്യം അറിയിച്ചത്. രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില അംഗങ്ങൾ ശ്രമം നടത്തിയെങ്കിലും മോഹൻലാൽ രാജിയിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഒരുമിച്ച് നേരിടാമെന്ന രീതിയിൽ അംഗങ്ങൾ പറഞ്ഞെങ്കിലും ഇത് മുമ്പ് എങ്ങുമില്ലാത്ത പ്രതിസന്ധിയുടെ ഘട്ടമാണെന്ന് പറഞ്ഞ് മോഹൻലാൽ രാജിയുമായി മുന്നോട്ട് പോകുകയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു അംഗങ്ങളും രാജിവെക്കാൻ തീരുമാനമായത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് പറയാൻ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ 'അമ്മ' ഭാരവാഹികളുടെ പ്രകടനമാണ് ഈ വിഷയത്തെ ഇത്രയേറെ വഷളാക്കിയത്. റിപ്പോർട്ടിലെ എല്ലാ കാര്യങ്ങളെയും അംഗീകരിക്കുന്നു, മാറ്റങ്ങൾ വേണം എന്ന് പറഞ്ഞ് ആരംഭിച്ച പത്ര സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളെ പ്രതിരോധിക്കാനായി സിദ്ദിഖ് എടുത്തിട്ട വാചകങ്ങൾ ഓരോന്നും ആ പദവിക്കോ ആ സംഘടനക്കോ നിരക്കാത്തതായിരുന്നു. പ്രശ്ങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞാണ് സിദ്ദിഖ് സംസാരിച്ചത്. എല്ലാ മേഖലയിലും നടക്കുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ എന്ന് പറഞ്ഞ് വിഷയത്തെ പൊതുവത്കരിക്കുകയാണ് സിദ്ദിഖ് ചെയ്തത്. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ജോമോളും വിഷയത്തെ ലഘൂകരിച്ചു.

തൊട്ടുടനെ 'അമ്മ' വൈസ് പ്രസിഡന്റ് ജഗദീഷ് മാധ്യമങ്ങളെ കണ്ടതോടെയാണ് വിഷയത്തിന്റെ ഗതി മാറിയത്. സിദ്ദിഖ് നിരത്തിയ വാദങ്ങളെ പൂർണ്ണമായി തന്നെ എതിർത്ത് ജഗദീഷ് സംസാരിച്ചു. അതോടെ അമ്മയിലെ കൂടുതൽ അംഗങ്ങൾ ജഗദീഷിനെ പിന്തുണച്ച് രംഗത്ത് വന്നു. തൊട്ടടുത്ത ദിവസം 'അമ്മ' വൈസ് പ്രസിഡന്റ് ജയൻ ചേർത്തല ജോമോളുടെ പ്രസ്താവനയെയും തിരുത്തി. സിദ്ദിഖിന്റെ അഭിപ്രായങ്ങൾക്ക് വിപരീതമായി, സമഗ്രമായ അന്വേഷണം വേണം, വേട്ടക്കാരുടെ പേരുകൾ പുറത്ത് വിടണം എന്നിങ്ങനെ മറ്റു അംഗങ്ങൾ പ്രതികരിച്ച് തുടങ്ങിയതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. നേരത്തെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്തുന്നതിൽ അമ്മക്ക് വീഴ്ച്ച സംഭവിച്ചെന്ന് പൃഥിരാജ് പ്രതികരിച്ചതും ചർച്ചക്കിടയാക്കി. ഇതോടെ 'അമ്മ' നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി.

ഇതിനിടെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന് സെക്രട്ടറി ചുമതല നൽകമാണെന്ന ആലോചനക്കിടെയാണ് ബാബുരാജിനെതിരെ കൂടെ ആരോപണം വരുന്നത്. ഈ പശ്ചാത്തലത്തിൽ ജഗദീഷിന് ആ പദവി നൽകണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. 'അമ്മ' കൈക്കൊള്ളുന്ന നടപടികളിലെ പൊരുത്തക്കേടുകൾ എണ്ണിപ്പറഞ്ഞ ജഗദീഷിന് യുവതാരങ്ങളുടെ മികച്ച പിന്തുണയാണ് ലഭിച്ചത്. നേരത്തെ ലഭിച്ച പരാതികൾ വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്ന ആക്ഷേപം കൂടെ വന്നതോടെ മാറ്റം അനിവാര്യമെന്ന് മോഹൻലാലും തീരുമാനിച്ചു.

അഞ്ചുവർഷമായി മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് പദവിയിൽ തുടരുന്നതിനിടെയാണ് ഈ പടിയിറക്കം. തലമുറമാറ്റം ചർച്ചയാകുമ്പോഴെല്ലാം പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരട്ടെ എന്ന് അംഗങ്ങൾ നിലപാടെടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിലും മോഹൻലാലിനെതിരെ എതിർ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. കാലാവധി പൂർത്തിയാക്കാതെ 'അമ്മ' കമ്മിറ്റിയിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്ന ആദ്യ പ്രസിഡന്റും മോഹൻലാലാണ്.

കൂട്ടരാജിയെ ന്യായീകരിക്കുന്നില്ലെന്നാണ് നടൻ അനൂപ് ചന്ദ്രൻ പറഞ്ഞത്. കുറ്റക്കാരെ മാറ്റി നിർത്തണമായിരുന്നു. വോട്ട് ചെയ്തവരെ അപമാനിക്കുന്നതിന് തുല്യമായി. കൂട്ടരാജിയെ അംഗീകരിക്കുന്നില്ല. അമ്മക്ക് പകരം പുതിയ സംഘടനയുടെ ആവശ്യമില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. മോഹൻലാൽ ആണ് അമ്മയുടെ നാഥൻ. മോഹന്‍ലാല്‍ സംഘടനയുടെ അമരത്ത് ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. കുറ്റാരോപിതരായവരെ മാറ്റി നിർത്തി മോഹൻ ലാൽ ഇരകൾക്കൊപ്പം നിക്കണമായിരുന്നു ശേഷിയുള്ളവർ നേതൃനിരയിലേക്ക് വരണമെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

സംഭവിക്കുന്നതെല്ലാം നല്ലത്. ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കുന്നു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നു. എല്ലാം നല്ലതായിട്ടാണ് തോന്നുന്നതെന്നാണ് ആഷിഖ് അബു പ്രതികരിച്ചത്. എല്ലാം പോസിറ്റീവായി ചിന്തിക്കാം. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കാമെന്നും ആഷിഖ് അബു പ്രതികരിച്ചു. സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. 'അമ്മ' ഗംഭീര സംഘടനയാണ്. നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.

കൂട്ടരാജി എടുത്തുചാട്ടമായിപ്പോയി എന്നാണ് നടന്‍ ഷമ്മി തിലകന്‍ പ്രതികരിച്ചത്. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ 'അമ്മ' അംഗമല്ലെങ്കിലും, സ്ഥാപക അംഗമന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് ഞാന്‍. നേതാവ് മൗനിയായിപ്പോയതാണ് കാരണം. പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്നും നശിച്ച് കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. 'മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരും കയ്യിൽ നിന്ന് കാശ് എടുത്താണ് അമ്മയെന്ന സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 130 ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇതിന് നയിക്കാൻ ആർക്കും കഴിയില്ല. പുതിയ ആളുകൾ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവർക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹൻലാലുമായി സംസാരിച്ചു. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമ വാർത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കും. ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതിൽ ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാൻ ആകില്ല.ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT