മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനടത്ത് എത്തിയ ദൗത്യസംഘാഗം ആദ്യം വെള്ളവും ഭക്ഷണവും നല്‍കി. ബാബുവിന്റെ ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു. ദൗത്യസംഘാഗം ബാലയുടെ ശരീരത്തോട് അടുപ്പിച്ച് കെട്ടി. പതിയെ മുകളിലേക്ക് കയറി തുടങ്ങി. വളരെ പതുക്കെയായിരുന്നു മുകളിലേക്ക് കയറിയത്. ചെങ്കുത്തായ പാറയിടുക്കിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. നിസാരമായ പരിക്കാണ് ബാബുവിനുള്ളതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പാലക്കാട് മെഡിക്കല്‍ ടീമിന് ആവശ്യമായ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ സംഘം സജ്ജമാണ്. ഐവി ഫ്ളൂയിഡ് നല്‍കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ താഴെ ക്രമീകരിച്ചിട്ടുണ്ട്. പാലക്കാട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാകും. ആoമ്പുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. സ്പെഷ്യാലിറ്റി ചികിത്സകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയത്. 1000 മീറ്റര്‍ ഉയരമുള്ള മല. സുഹൃത്തുക്കള്‍ വിശ്രമിക്കുന്നതിനിടെ മുകളിലേക്ക് കയറിയ ബാബു കാല്‍ വഴുതി പാറയിടുക്കിലേക്ക് വീണു.
കുടുങ്ങിക്കിടക്കുന്ന വിവരം ബാബു തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്. മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുത്ത് ബാബു അയച്ചു. രക്ഷിക്കണമെന്ന് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് ആവശ്യപ്പെട്ടു. രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. ഫോണിന്റെ ഫ്‌ളാഷ് തെളിയിച്ച് കുടുങ്ങി കിടന്ന സ്ഥലം അറിയിക്കാന്‍ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടുയര്‍ത്തി കാണിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബാബു കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിയാന്‍ പറ്റിയത്.
രക്ഷാപ്രവര്‍ത്തരോട് ബാബു വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ശക്തമായ കാറ്റ് കാരണം ഹെലികോപ്റ്ററിന് ബാബുവിന് അടുത്തേക്ക് അടുക്കാന്‍ പറ്റിയില്ല.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നുള്‍പ്പെടെയുള്ള സംഘം എത്തി. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമം സൈന്യം ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തന്നെ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് സൈന്യത്തിന്റെ രക്ഷപ്രവര്‍ത്തനം നടന്നത്.