ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്ന് എന്ന ഗാനമാണ് അനില്‍ പനച്ചൂരാന് വലിയ തോതില്‍ സ്വീകാര്യത നേടിക്കൊടുത്തത്. അനില്‍ പനച്ചൂരാന്‍ തന്നെയാണ് ചോര വീണ മണ്ണില്‍ നിന്ന് എന്ന ഗാനം ആലചിച്ചതും
ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടത്ത് പനച്ചൂര്‍ വീട്ടിലാണ് ജനനം. നങ്ങ്യാര്‍ കുളങ്ങര ടികെഎം കോളജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കഥ പറയുമ്പോള്‍ എന്ന സിനിമയിലെ വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ബിജിബാലിന്റെ ഈണത്തില്‍ അറബിക്കഥയിലെ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി എന്ന ഗാനവും എഴുതിയത് പനച്ചൂരാനാണ്.
ജനുവരി മൂന്ന് ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനില്‍ പനച്ചൂരാന്‍ കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
സിനിമ: അറബിക്കഥ
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം
മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ
ലാൽ സലാം ലാൽ സലാം
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ
Anil Panachooran Passes away