നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ നിര്‍ണായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് പൊലീസ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടതായി ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖകളും, വാട്‌സ് ആപ്പ് സന്ദേശങ്ങളും ഫോണ്‍ രേഖകളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. തന്നെ സ്വാധീനിക്കാന്‍ ദിലീപ് തിരുവനന്തപുരത്ത് വന്നതായും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വാട്‌സ് ആപ്പ് സന്ദേശങ്ങളെ മുന്‍നിര്‍ത്തി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപും പള്‍സര്‍ സുനിയുമായി നേരത്തെ തന്നെ ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ദീലീപിന്റെ ആലുവയിലെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടിരുന്നതായും ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയിലും പറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ തന്റെ വീട്ടില്‍ കണ്ട കാര്യം പുറത്ത് പറയരുതെന്ന് ജയില്‍ മോചിതനായ വേളയിലും ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് ബാലചചന്ദ്രകുമാറിന്റെ പരാതിയിലുണ്ട്.
ഗുരുതരമായ ആരോപണങ്ങളിലും വെളിപ്പെടുത്തലിലും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും വ്യക്തതക്കുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ ആണ് നിര്‍ണായക വെളിപ്പെടുത്തലുകളും ശബ്ദരേഖകളും പുറത്തുവന്നിരിക്കുന്നത്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത്.
Actress Assault Case
പള്‍സര്‍ സുനി ദിലീപിനയച്ച കത്തില്‍ രഹസ്യമൊഴിയെടുക്കും
താരസംഘടന അമ്മയിലെ പലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും വിദേശത്ത് പ്രോഗ്രാമിന് പോകുന്നതിന് പിന്നിലെ ലക്ഷ്യം അറിയാമെന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തില്‍ പറയുന്നുണ്ട്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ജീവന് ഭീഷണിയുള്ളതായി സുനിയുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മയുടെ രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
2018ല്‍ മേയില്‍ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി പള്‍സര്‍ സുനി അയച്ച കത്താണ് അമ്മ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന് മകന്‍ പറഞ്ഞതായി സുനിയുടെ അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഹതടവുകാരന്‍ വിജീഷ് ആത്മഹത്യക്ക് ശ്രമിച്ചത് കൊലപാതക ശ്രമമാണോ എന്ന് സംശയം തോന്നിയെന്നും സുനി കത്തില്‍ പറയുന്നുണ്ട്.
കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. ബൈജു പൗലോസിനെ അപായപ്പെടുത്തുമെന്ന് ദിലീപിനൊപ്പമുള്ളവര്‍ പറഞ്ഞതായി പുറത്തുവിട്ട ശബ്ദരേഖകളെ മുന്‍നിര്‍ത്തി ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച അന്വേഷണ ടീമിലെ ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശന്‍, സോജന്‍, കെ.പി ഫിലിപ്പ് എന്നിവരും തുടരന്വേഷണ സംഘത്തിലുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെയും ദിലീപിനെയും പൊലീസ് ചോദ്യം ചെയ്‌തേക്കും. ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ബാലചന്ദ്രകുമാര്‍ കൈമാറിയ ഫോണ്‍ രേഖകളും തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വി.ഐ.പിയെ കണ്ടെത്താനും അന്വേഷണം
നടിയെ ആക്രമിച്ച് പള്‍സര്‍ സുനില്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ ഒരു വി.ഐ.പി. ദിലീപിന് ടാബില്‍ എത്തിച്ചു നല്‍കിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. വി.ഐ.പി ആരാണെന്ന് പറയാന്‍ ബാലചന്ദ്രകുമാര്‍ തയ്യാറായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന രീതിയില്‍ വി.ഐ.പി സംസാരിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. 'പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ' എന്ന് എല്ലാവരോടുമെന്ന പോലെ ദീലീപ് ചോദിച്ചതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 2017 ഫെബ്രുവരി 20നാണ് അഭിഭാഷകനായ ഇ.സി പൗലോസ് അങ്കമാലി മജിസ്‌ട്രേറ്റിന് മുമ്പില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് സമര്‍പ്പിക്കുന്നത്. പള്‍സര്‍ സുനി സൂക്ഷിക്കാന്‍ തന്നതാണ് എന്നായിരുന്നു ഇ.സി പൗലോസ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഈ വീഡിയോ കോടതിയുടെ കൈവശമായിരുന്നു. 2017 ഡിസംബര്‍ 15ന് മാത്രമാണ് ദിലീപിനും ദിലീപിന്റെ അഭിഭാഷകര്‍ക്കും മജിസ്‌ട്രേറ്റ് ചേംബറില്‍ ദൃശ്യങ്ങള്‍ കാണാനുള്ള അനുമതി ലഭിച്ചത്. അന്ന് വീഡിയോയിലെ ശബ്ദം എന്‍ഹാന്‍സ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറന്‍സിക് അനാലിസിസും ഉണ്ട്. പക്ഷേ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രകാരം 2017 നവംബര്‍ 15ന് തന്നെ ദിലീപ് ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് പറയുന്നത്. അതില്‍ ശബ്ദം വ്യക്തമായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ 2022 ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്.
കേസില്‍ നിലവില്‍ 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായി പ്രൊസീക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രൊസിക്യൂഷന്‍ വീഴ്ചകള്‍ മറികടക്കാന്‍ വേണ്ടിയാകരുത് പുനര്‍വിസ്താരം എന്നാണ് കോടതി പറഞ്ഞത്. കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വിചാരണക്കോടതി അനുവദിക്കുന്നില്ലെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. ഇരയുടെ മാത്രമല്ല പ്രതികളുടെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി പറഞ്ഞു.
2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോകുകയും ലൈംഗികമായി ഉപദ്രവിച്ചുവെന്നതുമാണ് കേസ്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 23ന് മലയാള സിനിമാ മേഖലയില്‍ പലരുമായും അടുത്ത ബന്ധമുള്ള, പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രൈവര്‍ അറസ്റ്റിലായി. 2017 ജൂലായിലാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടു പോകുകയും ആക്രമിക്കുകയും ചെയ്തത് എന്നതാണ് പ്രൊസിക്യൂഷന്റെ വാദം.