രുചിയൂറും വിഭവങ്ങള്‍ സുരക്ഷിതത്വത്തോടെ കഴിക്കാന്‍ തെരുവോര ഭക്ഷണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍. ഇത്തരത്തിലള്ള ആദ്യത്തെ സംരംഭം ആലപ്പുഴയില്‍ ആരംഭിക്കും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് ശംഖുമുഖം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ്ബും സ്ഥാപിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാന തല ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നവയായിരിക്കും ഇവയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൂടാതെ കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കിയായിരിക്കും പദ്ധതി സാക്ഷാത്കരിക്കുക.
വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമായ മാലിന്യ സംസ്‌കര ണവും സാക്ഷാത്കരിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും.
മറ്റ് തീരുമാനങ്ങള്‍
സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ ഗുണമേന്‍മ ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന അരി പോഷക ഗുണമുള്ളതാണെന്ന് ഉറപ്പുവരുത്തും. പാലിന്റെ ഗുണമേന്‍മയും സുരക്ഷിതത്വവും നിരന്തരം പരിശോധിക്കും. പാലിലെ ആന്റിബയോട്ടിക് സാന്നിധ്യത്തിലും കാലിത്തീറ്റയുടെ ഗുണമേന്‍മയുടെ കാര്യത്തിലും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പഠനം നടത്തും. ഭക്ഷണശാലകള്‍ക്കുള്ള ലൈസന്‍സുകള്‍ ഒരിടത്ത് ലഭിക്കാന്‍ നടപടിയെടുക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ഈസ് ഓഫ് ഡൂയിങ് സംവിധാനത്തിലേക്ക് ബന്ധപ്പെടുത്തിയാകും ഇത്.