കര്‍ണാടകയില്‍ കൂറുമാറിയ 17 എംഎല്‍എമാര്‍ക്കും ബിജെപി അംഗത്വം. തങ്ങള്‍ എല്ലാവരും ബിജെപിയില്‍ ചേരുകയാണെന്നും നാളെ അംഗത്വം സ്വീകരിക്കുമെന്നും അയോഗ്യനാക്കപ്പെട്ട എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനമെന്ന് ജാര്‍ക്കിഹോളി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുമെന്നും ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്നും മുന്‍ ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷനും അയോഗ്യനാക്കപ്പെട്ട എംഎല്‍എയുമായ എച്ച് വിശ്വനാഥ് പറഞ്ഞു.
കാലുമാറിയ എംഎല്‍എമാരെ കൂറുമാറ്റ നിരോധനനിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത് സുപ്രീം കോടതി ഇന്ന് ശരിവെച്ചിരുന്നു. എന്നാല്‍ 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ അയോഗ്യരാക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം.
ജൂലൈയില്‍ 14 കോണ്‍ഗ്രസ് വിമത എംഎല്‍എമാരേയും മൂന്ന് ജെഡിഎസ് എംഎല്‍എമാരേയുമാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. രാജിവെച്ചതിന് ശേഷമുള്ള അയോഗ്യത നിലനില്‍ക്കില്ലെന്നാരോപിച്ചാണ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 17 എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് വിട്ടുനിന്നതോടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ജൂലൈ 23ലെ അവിശ്വാസ വോട്ടെടുപ്പില്‍ വീണു. 224 അംഗ നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് 106 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്ത് 101 പേര്‍. ഒഴിവു വന്ന 17 സീറ്റുകളില്‍ 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞടുപ്പ് നടക്കുക. അയോഗ്യരാക്കപ്പെട്ടവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നാണ് സൂചനകള്‍. നേരിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ 15ല്‍ ആറ് സീറ്റിലെങ്കിലും ബിജെപിക്ക് ജയിക്കണം. ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ ഒമ്പതിന്.
ഇപ്പോഴത്തെ കക്ഷി നില
പ്രതിപക്ഷത്ത് 101 അംഗങ്ങള്‍
കോണ്‍ഗ്രസ് 66, ജെഡിഎസ് 34, ബിഎസ്പി 1
ബിജെപിക്കൊപ്പം 106 എംഎല്‍എമാര്‍
സ്വതന്ത്രനും കെപിജെപി എംഎല്‍എയും ബിജെപിക്കൊപ്പം
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച ഓപ്പറേഷന്‍ ലോട്ടസിന് പിന്നില്‍ ബിജെപി ദേശീയ അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷായാണെന്ന് യെദ്യൂരപ്പ സൂചിപ്പിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നത് വിവാദമായിരുന്നു. ഹബ്ബള്ളിയില്‍ ചേര്‍ന്ന ബിജെപി യോഗത്തിനിടയിലെ സംഭാഷണ ശകലം ചോര്‍ന്നതാണ് വാര്‍ത്തയായത്. കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന ആവശ്യത്തെ ചില ബിജെപി നേതാക്കള്‍ എതിര്‍ത്തു. തന്നെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി കാലുമാറിയവരെ തഴയാനുള്ള നീക്കത്തില്‍ ക്ഷുഭിതനായി യെദ്യൂരപ്പ പ്രതികരിക്കുകയായിരുന്നു. മുംബൈയില്‍ അമിത് ഷായുടെ കണ്ണെത്തും ദൂരത്ത് അവരെ കുറേ നാള്‍ കാത്ത് വെച്ചതാണെന്നും തങ്ങളെ 'രക്ഷിച്ചവരുടെ' 'ത്യാഗം' കാണാതെ പോകരുതെന്നും യെദിയൂരപ്പ നേതാക്കളോട് പറയുന്നുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം