News n Views

‘ഈ കളി നിങ്ങള്‍ അവസാനിപ്പിക്കൂ’, തിവാരിയുടെ കൊലപാതകം ഹിന്ദു-മുസ്ലീം പ്രശ്നമാക്കാന്‍ ശ്രമിച്ച അവതാരകനെതിരെ പൊട്ടിത്തെറിച്ച് അമ്മ   

THE CUE

ഹിന്ദു മഹാസഭ മുന്‍നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കാന്‍ ശ്രമിച്ച ചാനല്‍ അവതാരകനെതിരെ പൊട്ടിത്തെറിച്ച് കമലേഷ് തിവാരിയുടെ അമ്മ. എബിപി ന്യുസ് ചാനല്‍ അവതാരകന്‍ സുമിത് അവാസ്തി നടത്തിയ ചാനല്‍ ചര്‍ച്ചയിലായിരുന്നു സംഭവം. താന്‍ പറയാത്ത ഒരു കാര്യം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുതെന്നും വ്യത്യസ്ത മതവിശ്വാസങ്ങളില്‍ കഴിയുന്നവരെ ഭയപ്പാടിലാക്കരുതെന്നും ചര്‍ച്ചയ്ക്കിടെ അമ്മ കുസും തിവാരി തുറന്നു പറഞ്ഞു.

ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചാനല്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

''എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. നിങ്ങള്‍ ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്കൂ. ഹിന്ദു-മുസ്ലീം വിഷയമായി ഇത് ഉയര്‍ത്തിക്കാട്ടിയത് താങ്കളാണ്, ഞാനല്ല. നിങ്ങള്‍ എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? ഹിന്ദു-മുസ്ലീം വര്‍ഗീയകലാപത്തിന് ഞാന്‍ കാരണമാകണമോ? നിങ്ങള്‍ പറയു. ഞങ്ങള്‍ക്ക് ഭ്രാന്താണെന്നാണോ നിങ്ങള്‍ കരുതുന്നത്? ഈ കളി നിങ്ങള്‍ അവസാനിപ്പിക്കൂ. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ സംസാരിക്കുവാന്‍ കഴിയില്ല. നിങ്ങള്‍ സാധാരണക്കാരോട് മാത്രമേ ചോദ്യങ്ങള്‍ ചോദിക്കുകയുള്ളു. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ നിങ്ങളുടെ ചാനല്‍ പൂട്ടുമെന്ന് ഞങ്ങള്‍ക്കറിയാം'' കമലേഷ് തിവാരിയുടെ അമ്മ പറഞ്ഞു.

നിങ്ങളോട് കൈകള്‍ കൂപ്പി ഞാന്‍ പറയുകയാണ്. വ്യത്യസ്ത മതവിശ്വാസങ്ങളില്‍ കഴിയുന്നവരെ നിങ്ങള്‍ ഭയപ്പാടിലാക്കരുത്. നിങ്ങള്‍ അസ്വസ്തരാണെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങള്‍ ഹിന്ദു-മുസ്ലീം കലാപം ആഗ്രഹിക്കുന്നില്ല. 
കുസും തിവാരി  

കൊലപാതകത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്ന് നേരത്തെ തിവാരിയുടെ മകന്‍ പറഞ്ഞിരുന്നു. തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല എന്നാരോപിച്ചുകൊണ്ട് മരണപ്പെടുന്നതിന് മുമ്പായി കമലേഷ് തിവാരി പോസ്റ്റ് ചെയ്ത വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് തൊട്ട് തിവാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസ് കോണ്‍സ്റ്റബിള്‍ സംഭവ സമയത്ത് ഉറക്കത്തിലുമായിരുന്നെന്ന് കൊലപാതകത്തിലെ ഏക ദൃക്‌സാക്ഷിയായ സൗരാഷ്ട്ര സിംഗ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ലക്നൗ ഖുര്‍ഷിദിലെ വീടിന് സമീപം വെച്ചാണ് മനോജ് തിവാരി കൊല്ലപ്പെട്ടത്. രണ്ട് പേരടങ്ങുന്ന അക്രമി സംഘം മുന്‍ ഹിന്ദു മഹാസഭാ നേതാവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി തിവാരിയുടെ ശ്വസന നാളി മുറിക്കുകയും നെഞ്ചില്‍ പല തവണ കുത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. കാവി വസ്ത്രധാരികളായ അക്രമികള്‍ മധുരപലഹാരം നല്‍കാനെന്ന വ്യാജേനയാണ് ഓഫീസില്‍ പ്രവേശിച്ചത്. തോക്ക് മധുരപലഹാര പെട്ടിയില്‍ ഒളിപ്പിച്ച് വെച്ചിരുന്നു. അക്രമത്തില്‍ മാരകമായി പരുക്കേറ്റ തിവാരിയെ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി തിവാരിയും ചക്രപാണി എന്ന മറ്റൊരു നേതാവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. താനാണ് പ്രസിഡന്റെന്ന വാദം മറുഭാഗം അംഗീകരിച്ചില്ല. തുടര്‍ന്ന് 2017ല്‍ തിവാരി ഹിന്ദുമഹാസഭ വിട്ട് ഹിന്ദു സമാജ് പാര്‍ട്ടി എന്ന പേരില്‍ പുതിയൊരു സംഘടന രൂപീകരിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT