ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൗരത്വനിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനേത്തുടര്‍ന്ന് സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു. സര്‍വ്വകലാശാലയ്ക്ക് സമീപം വെടിവെയ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി പൊലീസ് ക്യാംപസില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവരെ തല്ലിച്ചതക്കുന്നതിന്റേയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അനുവാദമില്ലാതെയാണ് പൊലീസ് ക്യാംപസില്‍ പ്രവേശിച്ചതെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത അമ്പതോളം വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. അഭിഭാഷകരെ കാണാന്‍ കസ്റ്റഡിയിലായ വിദ്യാര്‍ത്ഥികളെ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി-ജെഎന്‍യു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനം ഉപരോധിക്കുകയാണ്. ക്യാംപസിന് അകത്തെ മോസ്‌കിനുള്ളില്‍ പ്രവേശിച്ച പൊലീസ് ഇമാമിനെ മര്‍ദ്ദിച്ചെന്ന് സുരക്ഷാ ജീവനക്കാരനായ മുന്‍ സൈനികന്‍ പറഞ്ഞു.
പൊലീസ് അനുവാദമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് ക്യാംപസില്‍ കയറിയത്. ഞങ്ങളുടെ സ്റ്റാഫുകളേയും വിദ്യാര്‍ത്ഥികളേയും തല്ലി. ക്യാംപസില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു.ചീഫ് പ്രോക്ടര്‍, ജാമിയ
സംഘര്‍ഷത്തിനിടെ മൂന്ന് ബസുകളും രണ്ട് ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. പുറത്ത് നടന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സമാധാനപരമായാണ് പ്രതിഷേധം നടത്തിയത്. അക്രമങ്ങളെ അപലപിക്കുന്നു. വിദ്യാര്‍ത്ഥികളേയും സ്ത്രീകളായ പ്രതിഷേധക്കാരേയും മര്‍ദ്ദിച്ചിട്ടും ഞങ്ങള്‍ ശാന്തരായിരുന്നു. നീതിപൂര്‍വ്വമായ സമരത്തെ അപ്രസക്തമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
സുഖ്‌ദേവ് വിഹാര്‍, ഫ്രണ്ട്‌സ് കോളനി എന്നീ പ്രദേശങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ജന്തര്‍മന്ദറിലേക്ക് നടന്ന മാര്‍ച്ചിനിടെ പ്രദേശവാസികളായ ചിലര്‍ നുഴഞ്ഞുകയറി അക്രമം നടത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രതിഷേധത്തേത്തുടര്‍ന്ന് അലിഗഡ് സര്‍വ്വകലാശാല അടച്ചിട്ടു. രാത്രിയില്‍ മാര്‍ച്ച് നടത്തിയ സമരക്കാര്‍ക്ക് നേരെ യുപി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം