News n Views

‘മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികള്‍’; പി മോഹനന്‍

THE CUE

മാവോയിസ്റ്റുകള്‍ പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പി മോഹനന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ആയുധമെടുക്കാന്‍ ചിലര്‍ മാവോയിസ്റ്റുകളെ ഇളക്കിവിടുകയാണ്. ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സമിതിയംഗം ആവശ്യപ്പെട്ടു. താമരശ്ശേരിയില്‍ നടന്ന കെഎസ്‌കഎടിയു സമ്മേളനത്തിനിടെയാണ് പി മോഹനന്റെ പ്രതികരണം.

കോഴിക്കോട് പുതിയ കോലാഹലവും സാന്നിധ്യവും ഒക്കെ വരുന്നത് എന്താ? ആരുടെ പിന്‍ബലത്തിലാണ്? ആരാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്? കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ മാവോയിസ്റ്റിന്റെ ശക്തി.
പി മോഹനന്‍

മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരായ പാര്‍ട്ടി അച്ചടക്കനടപടി റദ്ദാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സിപിഎം പ്രാദേശിക ഘടകം തീരുമാനിച്ചത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുട അംഗീകാരത്തോടെയായിരുന്നു നടപടി. കൂടാതെ സംസ്ഥാന നേതൃത്വവുമായി ജില്ലാ കമ്മിറ്റി ആശയവിനിമയം നടത്തിയ ശേഷവുമായിരുന്നു ഇത്. അച്ചടക്ക നടപടി പ്രാദേശിക തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെതിരെ യുഎപിഎ ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലീം ചെറുപ്പക്കാരെ വേട്ടയാടാനുള്ള കരിനിയമമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഐഎം യുഎപിഎക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന പിബിയില്‍ വിഷയം ചര്‍ച്ചയാവുകയും യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. യുഎപിഎ കരിനിയമമാണെന്ന നിലപാട് ആവര്‍ത്തിച്ച കേന്ദ്രനേതൃത്വം അത് ചുമത്തിയത് തിരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കാനും നിര്‍ദേശിക്കുകയായിരുന്നു.

അറസ്റ്റും അച്ചടക്ക നടപടിയും യുഎപിഎയ്‌ക്കെതിരായ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് സംബന്ധിച്ച് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. കേസ് തീര്‍പ്പാകുന്നത് വരെ പാര്‍ട്ടിയംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പൊലീസാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. എന്നാല്‍ ചില നേതാക്കള്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പരിഗണനയ്ക്ക് കേസ് എത്തുമ്പോള്‍ യുഎപിഎ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും പിണറായി വിജയന്‍ പിബിയെ അറിയിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT