600 കോടി ചെലവില്‍ ക്ഷേത്ര ഇടനാഴി
സ്വപ്‌നപദ്ധതിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്നതാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി. ക്ഷേത്ര നഗരിയായ വാരാണസിയുടെ മുഖഛായ മാറ്റിയെഴുതുന്നതാകും പദ്ധതിയെന്നാണ് നരേന്ദ്ര മോദിയുടെ അവകാശവാദം. 600 കോടി രൂപയാണ് അടങ്കല്‍ത്തുക. ഗംഗയുടെ 3 ഘട്ടങ്ങളില്‍ നിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് വികസിത പാതയൊരുക്കുന്നതാണ് പദ്ധതി. 50 അടി വീതിയില്‍ പാതയൊരുക്കി 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. വിശ്വനാഥ ക്ഷേത്രപരിസരത്തെ 45,000 ചതുരശ്ര അടി പ്രദേശം ഇതിനായി ഒഴിപ്പിച്ചിട്ടുണ്ട്. താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ച് 300 വീടുകള്‍ പൊളിച്ചുനീക്കി. ഹെറിറ്റേജ് ലൈബ്രറി, വിപുലമായ വേദി, കൂറ്റന്‍ കോംപ്ലക്‌സ്, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവ കെട്ടിയുയര്‍ത്തും. മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ ആളുകള്‍ ഗംഗാതീരത്തെ ക്ഷേത്രത്തിലേക്ക് ദിനംപ്രതിയെത്തുന്നുണ്ട്. സ്ഥലപരിമിതി പ്രധാന പ്രശ്‌നവുമാണ്. ഇത് മറികടക്കാന്‍ വിപുലമായ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നത്. രാജ്യത്താകമാനമുള്ള ശിവഭക്തരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയെന്ന ബിജെപി ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍. കാരവന്‍ മാഗസിനില്‍ സുശീല്‍ കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാശി കോറിഡോറിന്റെ ആശങ്ക വിശദീകരിക്കുന്നത്.
തന്റെ മണ്ഡലത്തിലെ വന്‍പദ്ധതിക്ക് 2019 മാര്‍ച്ച് 8 ന് മോദി തറക്കല്ലിട്ടു. എന്നാല്‍ ആശങ്കാജനകമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വിശ്വനാഥക്ഷേത്രത്തിന് കേവലം 10 മീറ്റര്‍ മാത്രമകലെയായി ഒരു മസ്ജിദ് സ്ഥിതിചെയ്യുന്നുണ്ട്. ജ്ഞാന്‍വാപി പള്ളി. മോദിയുടെ തറക്കല്ലിടലിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ചിലര്‍ പൊലീസ് പിടിയിലാകുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ നന്ദിയെന്ന കാളയുടെ രൂപം പള്ളിക്കരികില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയായിരുന്നു . അന്ന് ഉച്ചകഴിഞ്ഞ് 4.30 ന് അതായത് പകല്‍വെളിച്ചത്തിലായിരുന്നു നടപടി. പള്ളിയുടെ വടക്കേ മതിലിനോട് ചേര്‍ന്ന് നന്ദിയുടെ രൂപം സ്ഥാപിക്കാനായിരുന്നു നീക്കം. ഇത് പ്രദേശവാസികള്‍ തന്നെ കയ്യോടെ പിടിക്കുകയും ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഈ സംഭവം മുസ്ലിം മതസ്ഥരില്‍ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
അന്ന് ഒളിച്ചുകടത്തിയത് രാമവിഗ്രഹം
ഇനിയൊരല്‍പ്പം പുറകിലേക്ക് പോകാം. 1949 ഡിസംബറിലെ ഒരു രാത്രിയില്‍ ചിലര്‍ ബാബറി മസ്ജിദിന് അകത്തേക്ക് രാമ വിഗ്രഹം ഒളിച്ചുകടത്തി പ്രതിഷ്ഠിക്കുന്നു. ഇതിന്‍മേല്‍ ബോധപൂര്‍വ്വം തര്‍ക്കമുണ്ടാക്കുന്നു. വിഗ്രഹം മുന്‍നിര്‍ത്തി ബാബറി മസ്ജിദില്‍ ഹിന്ദു വിഭാഗം അവകാശവാദം കടുപ്പിക്കുന്നു. വിഷയം വര്‍ഗീയധ്രുവീകരണത്തിനുപയോഗിച്ച് സംഘപരിവാര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നു. എല്‍കെ അദ്വാനി രാമരഥയാത്ര നടത്തുകയും ഒടുവില്‍ 1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്യുന്നു. അയോധ്യ വിഷയം ബിജെപിക്ക് തെരഞ്ഞെടുപ്പ് അജണ്ടയാവുകയും അതിന്‍മേല്‍ പലകുറി വിജയിച്ചുകയറാന്‍ വഴിത്തിരിവുമായി. ഇതേ കുതന്ത്രങ്ങള്‍ വാരാണസിയിലും പയറ്റുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുകയാണ് നന്ദി പ്രതിഷ്ഠ. നടത്തിയവര്‍ പിടിക്കപ്പെട്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. അത്യന്തം നീചമായ നടപടിയാണ് ഇത് ചെയ്തവരില്‍ നിന്നുണ്ടായതെന്ന് ജ്ഞാന്‍വാപി പള്ളി പരിപാലന കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്എം യാസീന്‍ പറയുന്നു.
ക്ഷേത്ര ഇടനാഴി പദ്ധതിയുടെ രൂപകല്‍പ്പന വിവരിക്കുന്ന വീഡിയോ നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. കോറിഡോറില്‍ എന്തെല്ലാം കെട്ടിടങ്ങളായിരിക്കുമെന്ന് ഇതില്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ദൃശ്യങ്ങളില്‍ ചിലയിടങ്ങളില്‍ പള്ളി വന്നുപോകുന്നുണ്ടെങ്കിലും പ്രത്യേക അടയാളപ്പെടുത്തലില്ല. ഗുജറാത്ത് ആസ്ഥാനമായ എച്ച്‌സിപി ആണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. മുന്‍പ് പള്ളിയുടെ നാലുഭാഗവും മറയ്ക്കപ്പെട്ട നലയിലായിരുന്നു. എന്നാല്‍ ഇടനാഴിക്കുവേണ്ടി ചുറ്റുമുള്ളതെല്ലാം ഒഴിപ്പിക്കുകയോ തകര്‍ത്ത് നിരപ്പാക്കുകയോ ചെയ്തിട്ടുണ്ട്. ഇതോടെ പള്ളി കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ പിടിയില്‍ നിന്ന് ശിവപ്രതിഷ്ഠയെ സ്വതന്ത്രമാക്കുകയാണ് ലക്ഷ്യമെന്നാണ് തറക്കല്ലിടല്‍ വേളയില്‍ മോദി പറഞ്ഞത്. പള്ളി ഒഴിപ്പിക്കാനായിരിക്കും അടുത്ത നീക്കങ്ങളെന്ന് ഭരണസമതിക്ക് ഭയപ്പാടുണ്ട്. അത്തരത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കലിന് സമാനമായി വര്‍ഗീയ ധ്രുവീകരണലക്ഷ്യമാണോയെന്ന് ആശങ്ക പടര്‍ന്നിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രം ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. മുന്‍പ് മഹന്തുക്കളുടെ ഭരണത്തിലായിരുന്നു. 1893 ല്‍ ചുമതലയില്‍ നിന്ന് നീക്കപ്പെടുന്നതിന് മുന്‍പ് രാജേന്ദ്ര തിവാരിയായിരുന്നു അവസാന മേധാവി. ക്ഷേത്ര ഇടനാഴി പദ്ധതിയോട് അദ്ദേഹത്തിന് എതിര്‍പ്പാണ്. കാശിയുടെ പൊതുസ്വഭാവത്തിന് ഹാനികരമല്ലാത്ത രീതിയിലാണ് ഭക്തര്‍ക്ക് സന്ദര്‍ശന സൗകര്യമൊരുക്കേണ്ടതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സുന്നി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് പള്ളിഭൂമി. പ്ലോട്ട് 9130 ലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടന്നുവരുന്നുണ്ട്. ബാബറി മസ്ജിദ് ആക്രമിക്കപ്പെട്ടപ്പോള്‍ ജ്ഞാന്‍വാപി പള്ളിയുടെ സംരക്ഷണത്തിലും ആശങ്കകളുണ്ടായിരുന്നു. സുരക്ഷ ഉറപ്പുവരുത്തണമെന്ന് പള്ളിപരിപാലനസമിതി ജില്ലാ ഭരണകൂടത്തോട് അന്ന് ആവശ്യപ്പെട്ട പ്രകാരം വിവിധ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ബാബറി മസ്ജിദ് സംഭവവുമായി സമാനതകളേറെ
ബാബറി മസ്ജിദ് ഭൂമി അവകാശപ്പെട്ടതുപോലെ ജ്ഞാന്‍വാപി നില്‍ക്കുന്ന സ്ഥലത്തിനും പ്രദേശത്തെ ഹിന്ദുമതസ്ഥര്‍ 1936 ല്‍ അവകാശവാദമുന്നയിച്ചിരുന്നു. ബനാറസ് കോടതിയില്‍ കേസ് നടന്നു. എന്നാല്‍ മുസ്ലിം മതസ്ഥര്‍ക്ക് ഇവിടെ പ്രാര്‍ത്ഥന നടത്താമെന്നായിരുന്നു 1937 ലെ സുപ്രധാന വിധി. എന്നാല്‍ 1992 ല്‍ ആര്‍എസ്എസ് നേതാവ് സോംനാഥ് വ്യാസ് വാരാണസി കോടതിയെ സമീപിച്ചു. പള്ളിസ്ഥലം ക്ഷേത്രത്തിന് വിട്ടുനല്‍കേണ്ടതാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ 1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ പാസാക്കിയ നിയമം ഉദ്ധരിച്ച് കോടതി ഈ ആവശ്യം തള്ളുകയാണുണ്ടായത്. രാജ്യത്തെ മുഴുവന്‍ ആരാധനാ കേന്ദ്രങ്ങള്‍ക്കും 1947 ഓഗസ്റ്റ് 15 മുന്‍പ് പ്രവര്‍ത്തിച്ചതുപോലെ തുടരാമെന്നായിരുന്നു നിയമം. അതായത് 1947 ന് ശേഷമുണ്ടാകുന്ന തര്‍ക്കങ്ങള്‍ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂവെന്ന്. പള്ളിക്ക് ആരാധനാനുമതി 1937 ല്‍ ബനാറസ് കോടതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാരാണസി സിവില്‍ കോടതിയുടെ വിധി 2018 ല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വ്യാസിന്റെ ചെറുമകന്‍ ശൈലേന്ദ്ര സിംഗാണ് ഇപ്പോള്‍ നിയമ നടപടികള്‍ തുടരുന്നത്.
1995 ല്‍ മറ്റൊരു നീക്കമുണ്ടായി. ആര്‍എസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധമുണ്ടായിരുന്ന ശിവകുമാര്‍ ശുക്ല കോടതിയെ സമീപിച്ചു. ക്ഷേത്രത്തിന് ചുറ്റും ജലാഭിഷേകത്തിന് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. മുന്‍ വിഎച്ച്പി അദ്ധ്യക്ഷന്‍ അശോക് സിംഗാളും ബിജെപി നേതാവ് ഉമ ഭാരതിയും അടക്കമുള്ളവര്‍ ജലാഭിഷേകത്തിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. 2000 ന് ഇപ്പുറം മറ്റൊരു സംഭവമുണ്ടായി. ക്ഷേത്ര ഭരണസമിതി തലവനായിരുന്ന എസ് കെ പാണ്ഡേ ശിവലിംഗമെടുത്ത് ജ്ഞാന്‍വാപി കോമ്പൗണ്ടിലേക്ക് എറിഞ്ഞു. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടായിരുന്നു നടപടി. ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്ന ഫത്തേഹ് ബഹാദുര്‍ ഉടന്‍ വിഷയത്തിലിടപെടുകയും എസ് കെ പാണ്ഡേയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഇവിടെയും തീര്‍ന്നില്ല, 2018 ഒക്ടോബര്‍ 25 ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍ പള്ളിയുടെ വടക്കുഭാഗത്തെ മതില്‍ തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റേതായിരുന്നു നടപടി. എന്നാലിത് പ്രശ്ങ്ങള്‍ക്ക് വഴിവെച്ചു. മുസ്ലിം സമൂഹം ജില്ലാ ഭരണകൂടത്തിനെതിരെ അണിനിരന്നു. ഒടുവില്‍ മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ ജില്ലാഭരണകൂടം നിര്‍ബന്ധിതരായി.
ആഴ്ചകള്‍ക്കിപ്പുറം ജിതേന്ദ്രവ്യാസ് എന്നയാള്‍ കോടതിയെ സമീപിച്ചു. ജ്ഞാന്‍വാപി പള്ളിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ചായിരുന്നു ഹര്‍ജി. മതില്‍പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി നിരുത്തരവാദപരമായിരുന്നെന്നും പ്രദേശത്ത് നിലനിന്നിരുന്ന സമാധാനം ഹനിക്കാന്‍ ഇടയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്ര ഇടനാഴി സാക്ഷാത്കരിക്കപ്പെടുമ്പോള്‍ പള്ളി സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിക്കെതിരെ മുന്‍പ് കോടതിയെ സമീപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് സോംനാഥ് വ്യാസിന്റെ ബന്ധുവാണ് ഇയാള്‍ എന്നതാണ് വൈരുധ്യം. എന്നാല്‍ ഈ ഹര്‍ജി തള്ളുകയാണുണ്ടായത്.വാരാണസി സമാധാനം നിലനില്‍ക്കുന്ന പ്രദേശമാമാണെന്നും ഇത്തരം ഹര്‍ജികളിലൂടെ സംഘര്‍ഷത്തിന് വഴിവെയ്ക്കരുതെന്നുമായിരുന്നു അരുണ്‍ മിശ്ര വിനീത് സരണ്‍ ബെഞ്ചിന്റെ നിരീക്ഷണം. പള്ളിക്ക് എന്തെങ്കിലും തരത്തില്‍ ഭീഷണി നേരിടുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചാണ് ഹര്‍ജി നിരസിച്ചത്.
ബാബറി മസ്ജിദ് സമാന സംഭവത്തിലേക്കുള്ള വഴിവെട്ടല്‍
ഫലത്തില്‍ പള്ളിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലാണ് ക്ഷേത്ര ഇടനാഴിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം പള്ളിക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിആര്‍പിഎഫ്, കമോന്‍ഡോകള്‍, ബോംബ് ഡിറ്റക്ഷന്‍ ടീം, തുടങ്ങിയവയുടെ സാന്നിധ്യം ഇവിടെയുണ്ട്. ക്ഷേത്രത്തിനും പള്ളിക്കും അടുത്തുള്ള കാര്‍മിഷേല്‍ ലൈബ്രറിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങുന്നത്. എന്നാല്‍ ഈ കെട്ടിടവും പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ തങ്ങാന്‍ മറ്റിടങ്ങളില്ലാത്തതിനാല്‍ സുരക്ഷാസംഘം എതിര്‍ത്തു. തങ്ങാന്‍ തക്ക ഇടമില്ലെങ്കില്‍ പള്ളിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ലൈബ്രറി കെട്ടിടം പൊളിക്കാനുള്ള നീക്കത്തിനെതിരെ പള്ളി ഭരണസമിതിയും കോടതിയെ സമീപിച്ചു. അവര്‍ക്ക് കഴിയാന്‍ ഇടമില്ലാതായാല്‍ പള്ളിയുടെ സുരക്ഷ അവതാളത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പോയത്. ഇതോടെ ഇതോടെ ലൈബ്രറി പൊളിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം പൊളിച്ചേക്കാമെന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്.
ബാബറി മസ്ജിദ് സമാന സംഭവത്തിന് വഴിവെട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയെന്ന് ഈ സംഭവങ്ങളെല്ലാം അടിവരയിടുന്നു. നരേന്ദ്രമോദി തറക്കല്ലിടാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ റാലി തങ്ങളെ അറിയിക്കാതെ പള്ളിക്ക് തൊട്ടടുത്തേക്ക് നീട്ടിയതിലടക്കം മസ്ജിദ് ഭരണസമിതിക്ക് ആശങ്കകളുണ്ട്.
റിപ്പോര്‍ട്ടും ചിത്രങ്ങളും കാരവന്‍ മാഗസിന് പ്രസിദ്ധീകരിച്ചത്. കാരവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം