കശുവണ്ടി കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ കെ എ രതീഷിനെ സംരക്ഷിക്കാന്‍ വ്യവസായവകുപ്പിന്റെ ശ്രമം. സിബിഐ കേസ് പ്രതിയായ രതീഷിനെ ഇന്‍കെല്‍ എംഡിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ വെബ്‌സൈറ്റിലോ ബന്ധപ്പെട്ട വകുപ്പുകളിലോ നല്‍കാത്തതാണ് വിവാദമായിരിക്കുന്നത്. രതീഷിന്റെ നിയമനത്തിനെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയാകുമെന്ന് കണ്ട് സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്നാണ് ആരോപണം. നിയമന ഉത്തരവില്ലാതെ കോടതിയെ സമീപിക്കാന്‍ കഴിയില്ല എന്നതിനാല്‍ സര്‍ക്കാര്‍ അത് പൂഴ്ത്തിവെച്ചിരിക്കുന്നുവെന്നാണ് വിമര്‍ശനം.
രതീഷിനെതിരെ സിബിഐ കേസുണ്ടെന്ന കാര്യം അറിയില്ലെന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. ഹൈക്കോടതിയാണ് രതീഷിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
2013ല്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയില്‍ രതീഷ് കോടികളുടെ അഴിമതി നടത്തിയെന്ന് ധനവകുപ്പ് പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. എം ഡിയായിരുന്ന കെഎ രതീഷും ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനും ടെന്‍ഡര്‍ കമ്മിറ്റി രൂപീകരിക്കാതെ സ്വന്തം നിലയ്ക്ക് കമ്പനികളുമായി കരാറിലെത്തിയെന്നതാണ് ധനവകുപ്പിന്റെ പ്രധാന കണ്ടെത്തല്‍. 11 അംഗ നെഗോഷിയേഷന്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നിരിക്കെ ഇരുവരുടെയും ഒപ്പ് മാത്രമാണ് ടെണ്ടര്‍ റേറ്റിലുള്ളത്. ഏഷ്യാ കമ്മോഡിറ്റീസ് എന്ന കമ്പനിക്ക് 13 കോടി 70 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് പരിശോധനാ കുറിപ്പിന് മറുപടി നല്‍കിയെങ്കിലും ടെന്‍ഡര്‍ രേഖയില്‍ അങ്ങനെയൊരു രേഖയില്ലെന്നും കണ്ടെത്തി. രതീഷിനെ അടിയന്തരമായ എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപടിയെടുത്തില്ല. പിന്നീട് വിജിലന്‍സ് ക്ലീന്‍ ചിറ്റിന്റെ ചുവടുപിടിച്ച് രതീഷ് സര്‍വീസില്‍ തുടരുകയായിരുന്നു. രതീഷിനെ കാഷ്യു കോര്‍പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം സമരം നടത്തിയിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം