മഹാരാഷ്ട്രയില്‍ ശനിയാഴ്ച ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാടകീയ നീക്കത്തിലൂടെ ഒറ്റരാത്രികൊണ്ട് എന്‍സിപി മറുകണ്ടം ചാടി ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്‍സിപി നേതാവ് അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ അനന്തിരവനാണ് ഇദ്ദേഹം. അസാധാരണ നീക്കങ്ങളിലൂടെ രാവിലെ 8 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം രാംനാഥ് കോവിന്ദില്‍ നിന്ന് പുലര്‍ച്ചെ 5 മണിക്കാണുണ്ടായത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് അജിത്തിന്റെ വിശദീകരണം. അതേസമയം എന്‍സിപി പിളര്‍പ്പിലേക്ക് പോവുകയാണെന്ന സൂചനയുമുണ്ട്.
ജനങ്ങളെ വീണ്ടും സേവിക്കാന്‍ അവസരം സാധിച്ചതില്‍ സന്തോഷമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഫഡ്‌നാവിസ് നന്ദി രേഖപ്പെടുത്തി. ജനം പിന്‍തുണച്ചത് ബിജെപിയെയാണെന്നും ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപി- എന്‍സിപി സര്‍ക്കാരിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മൂന്ന് പാര്‍ട്ടികളും വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് മൂന്ന് പാര്‍ട്ടികളുടെയും യോഗവും തീരുമാനിച്ചിരുന്നു.
മഹാരാഷ്ട്ര വികാസ് അഖാഡിയുടെ (വികസന മുന്നണി) മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷം ഭരിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. അതിനിടെയാണ് ഇരുട്ടിവെളുക്കുംമുമ്പ് എന്‍സിപി മറുകണ്ടം ചാടിയത്.അതേസമയം വിഷയത്തില്‍ ശരദ് പവാറിന്റെയും മകള്‍ സുപ്രിയ സുലെയുടെയും പ്രതികരണം വന്നിട്ടില്ല. എന്‍സിപിയുടെ നീക്കം കോണ്‍ഗ്രസ്, ശിവസേനാ ക്യാംപുകളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. എന്‍സിപിയുടേത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇതിനോട് പ്രതികരിച്ചത്.എന്‍സിപിയുടേത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം .ബിജെപിക്ക് 105 അംഗങ്ങളും എന്‍സിപിക്ക് 54 എംഎല്‍എമാരുമുണ്ട്.ശിവസേന 56 ഇടത്തും കോണ്‍ഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം