താന്‍ ഇപ്പോഴും എന്‍സിപിയിലാണെന്ന് നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അജിത് പവാര്‍. ട്വീറ്റിലൂടെയാണ് അജിത് പവാറിന്റെ പ്രതികരണം. താന്‍ എന്‍സിപിയില്‍ തന്നെയാണ്. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവ്. എന്‍സിപി ബിജെപി സര്‍ക്കാരിനേ മഹാരാഷ്ട്രയില്‍ സുസ്ഥിര ഭരണം കാഴ്ചവെയ്ക്കാനാകൂ. ബിജെപി എന്‍സിപി സഖ്യം അഞ്ചുവര്‍ഷം ഭരിക്കും. പ്രവര്‍ത്തകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അജിത് പവാര്‍ കുറിച്ചു. ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ മടക്കിക്കൊണ്ടുവരാന്‍ എന്‍സിപി ഔദ്യോഗിക പക്ഷം ശ്രമം തുടരുന്നതിനിടെയാണ് പ്രതികരണം.
അതേസമയം 51 പേര്‍ ഒപ്പമുണ്ടെന്നാണ് എന്‍സിപി വ്യക്തമാക്കുന്നത്. എംഎല്‍എമാരെ ശരദ് പവാര്‍ ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ എന്‍സിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ രാജ് ഭവനിലെത്തി അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയെന്ന് വ്യക്തമാക്കി കത്തുനല്‍കിയിട്ടുണ്ട്. അജിത്തിനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. തെറ്റ് മനസ്സിലാക്കിക്കൊടുത്ത് തിരിച്ചുവരാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണെന്നായിരുന്നു ജയന്ത് പാട്ടീലിന്റെ പ്രതികരണം.
ശിവസേന നേതൃത്വം ഉദ്ധവ് താക്കറെയുടെ വസതിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് അടിയന്തര വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ഭൂരിപക്ഷം ഉണ്ടെന്ന് കാണിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ നല്‍കിയ കത്തും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച 10.30 നാണ് കേസ് വീണ്ടും പരിഗണിക്കുക.