News n Views

‘അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണം’ ; എഫ്ബി പോസ്റ്റിന്റെ പേരില്‍ എംജി വിസി വിധിച്ച സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി 

കെ. പി.സബിന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എപി അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്ത എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജ് പിവി ആശയാണ് വിധി പ്രസ്താവിച്ചത്. അനില്‍കുമാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ഹാജരായി. എംജിക്കുവേണ്ടി യൂണിവേഴ്‌സിറ്റി കോണ്‍സല്‍ അശോക് എം ചെറിയാനും കൂടാതെ വിസിക്ക് വേണ്ടി അഡ്വ പിസി ശശിധരനും ഹാജരായിരുന്നു. ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള എംജി യൂണിവേഴ്‌സിറ്റിയുടെ സസ്‌പെന്‍ഷനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി എംഎം മണിയെയും എസ് ശര്‍മയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. ജൂണ്‍ 3 നായിരുന്നു വൈസ് ചാന്‍സലര്‍ പ്രൊഫ.സാബു തോമസിന്റെ നടപടി.

എസ് ശര്‍മ എംല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങളില്ലെന്നും സസ്പെന്‍ഷന്‍ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശാന്തിവനത്തില്‍ കെഎസ്ഇബിയുടെ 110 കെ വി ലൈന്‍ ടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി മരങ്ങള്‍ മുറിച്ചത് വിവാദമായപ്പോള്‍ അപൂര്‍വ ജൈവ ആവാസ വ്യവസ്ഥയായ ഇവിടം സംരക്ഷിക്കണമെന്ന ഉള്ളടക്കത്തോടെയായിരുന്നു മെയ് 7 ന് അനില്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനായ അനില്‍കുമാര്‍ ഗവണ്‍മെന്റ് പദ്ധതിക്കും നയത്തിനുമെതിരെ പരസ്യ നിലപാടെടുത്തെന്നും മന്ത്രിയെയും എംഎല്‍എയെയും അപമാനിച്ചെന്നും സര്‍വ്വകലാശാലയ്ക്ക് കളങ്കം വരുത്തിയെന്നുമായിരുന്നു എംജിയുടെ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍വ്വകലാശാല വാദിച്ചു. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണിതെന്നായിരുന്നു അനില്‍കുമാറിന്റെ വാദം. പരിസ്ഥിതി സംരക്ഷണമെന്ന സദുദ്ദേശ പോസ്റ്റാണെന്നും കോടതിയില്‍ വ്യക്തമാക്കി. ഈ നിലപാട് ശരിവെച്ചാണ് സര്‍വ്വകലാശാലാ വാദങ്ങളെ ഹൈക്കോടതി തള്ളിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരു അവസരമാക്കിയെടുത്ത് നേരത്തേയുള്ള വിദ്വേഷത്തിന്റെ തുടര്‍ച്ചയായാണ് വിശദീകരണം പോലും ചോദിക്കാതെ അനില്‍കുമാറിനെതിരെ നടപടിയെടുത്തത്.

സസ്‌പെന്റ് ചെയ്യാനായി ചൂണ്ടിക്കാട്ടിയ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

ജൂലൈ ഒന്നിനാണ് ഇദ്ദേഹത്തിന് സെക്ഷന്‍ ഓഫീസറായി ജോലിക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ദിവസം സര്‍വീസില്‍ ഇല്ലെങ്കില്‍ പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹനല്ല. ഇത് മുന്നില്‍ക്കണ്ടാണ് അനില്‍കുമാറിനെതിരെ എംജി സര്‍വ്വകലാശാലയിലെ ഭരണപക്ഷ സംഘടനയുടെ നേതാക്കള്‍ ഇത്തരത്തില്‍ നീക്കം നടത്തിയതെന്ന് ആക്ഷേപമുണ്ട്. എംജിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ഷറഫുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തിനെതിരായ നീക്കങ്ങള്‍ക്ക് ചരടുവലിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഇദ്ദേഹം പിന്നീട് സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ഭരണപക്ഷാനുകൂല സംഘടനയായ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷനില്‍ നിന്ന് പുറത്തുവന്നതോടെയാണ് അനില്‍കുമാറിനെതിരെ നിരന്തര നീക്കങ്ങളുണ്ടാകുന്നത്.

2018 ലെ ആ സംഭവം ഇങ്ങനെ. ഇടതുസംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ അംഗമായിരുന്നു അനില്‍കുമാര്‍. ബിരുദമില്ലാത്ത 31 ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരെ പി.എസ്.സി വഴി നിയമനം ലഭിച്ചവര്‍ സര്‍വ്വകലാശാലയില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ ഇടത് സംഘടനയില്‍പ്പെട്ടവരായിരുന്നു സ്ഥാനക്കയറ്റം ലഭിക്കേണ്ടവരില്‍ അധികവും. സംഘടനാ നേതാവായിരുന്ന ഷറഫുദ്ദീന്‍ ഈ സമരത്തിനെതിരെ കര്‍ശന നിലപാടെടുത്തു. കോട്ടയത്ത് കെവിന്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ സമയമായിരുന്നു.

സമരക്കാരെ ഭീഷണിപ്പെടുത്താനായി കെവിന് നേരിട്ട ദുര്യോഗം ഇദ്ദേഹം പരാമര്‍ശിച്ചു. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അനില്‍കുമാര്‍ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിച്ചു. ഇതോടെയാണ് ഇദ്ദേഹത്തിനെതിരായ വേട്ടയാടല്‍ ആരംഭിക്കുന്നത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ അനില്‍കുമാറിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അനില്‍കുമാര്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ എകെപിസിടിഎ നേതാവും പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് അധ്യാപകനുമായിരുന്ന രാജു ജോണ്‍ താഴത്ത് വിസിക്ക് പരാതി നല്‍കി. ഇതിന്‍മേല്‍ 2018 ഓഗസ്റ്റില്‍ അനില്‍കുമാറിനെ മഹാത്മാഗാന്ധി സര്‍വ്വകലാശാല സസ്പെന്റ് ചെയ്തു. സര്‍വ്വകലാശാലയ്ക്ക് എതിരെയാണ് പോസ്റ്റെന്ന് ആരോപിച്ച് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി.

എന്നാല്‍ ഇതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കെതിരല്ല അനില്‍കുമാര്‍ പ്രകടിപ്പിച്ച അഭിപ്രായമെന്ന് കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നത് ആ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വ്യക്തമാക്കി അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. അതായത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു. ഈ നിര്‍ണ്ണായക വിധിയില്‍ നിന്ന് പാഠം പഠിക്കാതെയാണ് എംജി രണ്ടാംതവണയും അനില്‍കുമാറിനെതിരെ നടപടിയെടുത്തതും തിരിച്ചടിയേറ്റുവാങ്ങിയതും.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT