ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന് മോഹന്‍ലാലിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ചുള്ള ഹര്‍ജിലാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാംപ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു.
ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതിയുണ്ടെന്നാണ് മോഹന്‍ലാലിന്റെ വാദം. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. നിയമ തടസമില്ലാത്തതിനാല്‍ തനിക്കെതിരെയുള്ള വനംവകുപ്പിന്റെ കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
2012ലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്തത്. മുമ്പ് മൂന്ന് തവണ മോഹന്‍ലാലിന് അനുകൂലമായ നിലപാടായിരുന്നു വനംവകുപ്പ് സ്വീകരിച്ചിരുന്നത്.
ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നായിരുന്നു ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയതായുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം ഉള്‍പ്പെടെയായിരുന്നു എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസിന്റെ ഹര്‍ജി. ആനക്കൊമ്പ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
തൃപ്പുണിത്തുറ സ്വദേശി കെ കൃഷ്ണകുമാറില്‍ നിന്ന് 65,000 രൂപ കൊടുത്ത് ആനക്കൊമ്പുകള്‍ വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം