സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും. വടക്കന്‍ കേരളത്തിലാണ് മഴക്കെടുതി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുവരികയാണ്. മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ നിലംപൊത്തി. ഇതുമൂലം ഗതാഗത-വൈദ്യുത തടസങ്ങള്‍ നേരിടുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു.
കോഴിക്കോട്
അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. ചാലിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വടകര, താമരശ്ശേരി താലൂക്കുകളില്‍ മഴ കനത്ത നാശമാണ് വിതച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി വഴി വയനാട് ചുരത്തിലേക്കുള്ള ഗതാഗതം മുടങ്ങി. ഇരുവഴിഞ്ഞി പുഴയിലും ജലനിരപ്പ് ഉയരുകയാണ്. വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. കഴിഞ്ഞ തവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. കക്കയം ഡാം സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായി.
കണ്ണൂര്‍
വളപട്ടണം പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് തീരത്തെ 15 വീടുകളില്‍ വെള്ളം കയറി. ഇരിട്ടി മേഖലയിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ റോഡുകള്‍ വെള്ളത്തിനടിയിലായി. കൊട്ടിയൂരില്‍ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. നെത്തിയൊടിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല.
വയനാട്
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രവേശത്ത് ശക്തമായ മഴ തുടരുകയാണ്. വയനാട്ടില്‍ ഒന്‍പത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 500 പേരെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ ഇവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മേപ്പാടി പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.
മലപ്പുറം
നിലമ്പൂര്‍ ടൗണില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി. ഇത് ഗതാഗത തടസത്തിന് ഇടയാക്കിയിരിക്കുകയാണ്. നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ചാലിയാറിന്റെ തീരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആഢ്യന്‍പാറ വന മേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. 2018 ഓഗസ്റ്റ് 8 ന് നിലമ്പൂരില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
പാലക്കാട്
അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരണം വീണ്ട് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര(50) ആണ് മരിച്ചത്.
എറണാകുളം
കുട്ടന്‍പുഴ പഞ്ചായത്തിലെ നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.
ഇടുക്കി
ഇടുക്കിയില്‍ ശക്തമായ മഴ തുടരുകയാണ്. ഹൈറേഞ്ച്, വണ്ടിപ്പെരിയാര്‍ മേഖലകളിലാണ് ശക്തമായ മഴയുണ്ടായത്. കല്ലാര്‍കുട്ടി പാംപ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു. രാജാക്കാട് വെള്ളത്തൂവല്‍ റോഡില്‍ വെള്ളം കയറി. കുമളി കൊട്ടാരക്കര റോഡില്‍ ഗതാഗത തടസമുണ്ടായി.