വിതരണത്തിനെത്തിയ ആള്‍ മുസ്ലീമായതില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ഉപഭോക്താവിന് തകര്‍പ്പന്‍ മറുപടി നല്‍കിയ സൊമാറ്റോയ്‌ക്കെതിരെ ഒരു വിഭാഗത്തിന്റെ വിദ്വേഷ പ്രചരണം. ഭക്ഷണത്തിന് മതമില്ലെന്നും, ആഹാരമാണ് മതമെന്നും മറുപടി നല്‍കിയ സൊമാറ്റോയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അണ്‍ ഇന്‍സ്റ്റാള്‍, വണ്‍സ്റ്റാര്‍ റേറ്റിംഗ് പ്രചരണം അരങ്ങേറുകയാണ്. സൊമാറ്റോ ആപ്പ് ഫോണില്‍ നിന്ന് ഒഴിവാക്കണമെന്നും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് നല്‍കണമെന്നുമാണ് ആഹ്വാനം. ഭക്ഷണം സ്വീകരിക്കാതിരുന്നയാള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് 'അമിത്തിനൊപ്പം' എന്ന ഹാഷ് ടാഗ് പ്രചരണവും പുരോഗമിക്കുന്നുണ്ട്.
അമിത് ശുക്ലയെന്നയാളാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം സ്വീകരിക്കാതിരുന്നത്. ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാത്തവരുടെ ഇടപാട് നഷ്ടപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സൊമാറ്റോ ഉടമ ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനും വന്‍ കയ്യടിയാണ് ലഭിച്ചത്. ഇതിനെ വെല്ലുവിളിച്ചാണ് സൊമാറ്റോയ്‌ക്കെതിരെ വിദ്വേഷപ്രചരണം ആരംഭിച്ചിരിക്കുന്നത്. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഹിന്ദുക്കളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇവര്‍ കറ്റപ്പെടുത്തുന്നു. അതേസമയം സൊമാറ്റോയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി പേര്‍ 5 സ്റ്റാര്‍ റേറ്റിംഗും നല്‍കുന്നുണ്ട്. എതിരാളിയായ ഊബര്‍ ഈറ്റ്‌സും നേരത്തേ കമ്പനിയെ പിന്‍തുണച്ച് രംഗത്തെത്തിയിരുന്നു.
വിതരണക്കാരനെ മാറ്റാന്‍ സൊമാറ്റോയോട് ആവശ്യപ്പെട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് അമിത് ശുക്ല പുറത്തുവിട്ടിരുന്നു. മുസ്ലിം ആയ ഡെലിവറി ബോയിയെ മാറ്റണമെന്നായിരുന്നു ആവശ്യം. മാറ്റാനാകില്ലെന്നായിരുന്നു സൊമാറ്റോയുടെ മറുപടി. ഇതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് അമിത് ശുക്ല പറഞ്ഞു.അങ്ങനെ വന്നാല്‍ ഭക്ഷണത്തിന്റെ തുക തിരിച്ചുനല്‍കാനാകില്ലെന്നും സൊമാറ്റോ വ്യക്തമാക്കി. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കമ്പനിയെ വാഴ്ത്തി നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു. നേരത്തേ ഹോളി സമയത്ത് സര്‍ഫ് എക്‌സല്‍ പുറത്തിറക്കിയ പരസ്യത്തില്‍ പ്രതിഷേധിച്ച് കമ്പനിക്കെതിരെ വിദ്വേഷ പ്രചരണമുണ്ടായിരുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സര്‍ഫ് എക്‌സലിനെ തിരഞ്ഞ് കിട്ടാതായപ്പോള്‍ മൈക്രോസോഫ്റ്റ് എക്‌സലിന് വരെ വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്ന സ്ഥിതിയുണ്ടായി.