ശബരിമലയിലെത്താന്‍ താല്‍പ്പര്യമുള്ള യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസ് സംരക്ഷണയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അതുസംബന്ധിച്ച് കോടതി ഉത്തരവുമായി വരട്ടെയെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസം പ്രചരിപ്പിക്കാനുള്ള വേദിയല്ല ശബരിമല. ഇതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. തൃപ്തി ദേശായിയെ പോലുള്ളവര്‍ അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഞങ്ങളിതാ ശബരിമലയില്‍ പോകുന്നുവെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നതാണ് പ്രശ്‌നം. ഭക്തിയല്ല, അവര്‍ക്ക് തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുകയെന്നതാണ് ലക്ഷ്യം. അത്തരം വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് ഗവണ്‍മെന്റിന് കൂട്ടുനില്‍ക്കാനാവില്ല. ഇത്തരക്കാരുടെ പ്രസ്താവനകള്‍ ചോദിച്ചുവാങ്ങിയും എതിര്‍ക്കുന്നവരുടെ നിലപാട് തേടിയും തീര്‍ത്ഥാടനത്തെ അലങ്കോലമാക്കരുതെന്നാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി സംബന്ധിച്ച് നിയമജ്ഞര്‍ രണ്ടുതട്ടിലാണ്. പഴയവിധി അസ്ഥിരപ്പെട്ടെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അത് നിലനില്‍ക്കുന്നുവെന്ന് പറയുന്നവരുമുണ്ട്. സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. ഇതിനായി സ്വകരിക്കേണ്ട നടപടികള്‍ അലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്താനാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം. ദേവസ്വം ബാര്‍ഡിന് 100 കോടി രൂപയുടെ വരുമാനമാണ് കുറഞ്ഞത്. അഞ്ഞൂറ് കോടി രൂപയാണ് ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ ചെലവുകള്‍ക്കായി ബോര്‍ഡിന് വേണ്ടത്.
67 അമ്പലങ്ങളില്‍ നിന്നാണ് ബോര്‍ഡിന് വരുമാനം ലഭിക്കുന്നത്. കടകള്‍ ലേലത്തില്‍ പോകാതിരുന്നതും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. മാര്‍ക്കറ്റ് ഫെഡ് ലേലത്തിലെടുത്ത് ത്രിവേണിയുടെ ഹോട്ടലുകളും കൗണ്ടറുകളും കൂടുതലായി ആരംഭിച്ച് ഇതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്. ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടാകാതിരിക്കാനുള്ള അന്തരീക്ഷം വേണമെന്നാണ് ധാരണ. സ്ത്രീപ്രവേശന നിലപാടില്‍ സര്‍ക്കാരും കടുംപിടുത്തം ഒഴിവാക്കിയത് ബോര്‍ഡിന് ആശ്വാസമാകുന്നുണ്ട്. പുതിയ പ്രസിഡന്റ് എന്‍ വാസുവിന്റെ നേതൃത്വത്തില്‍ ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യത്തിലുള്ള നിലപാട് തീരുമാനിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം