പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരനാണ് മേല്‍നോട്ട ചുമതല. ഒരു വര്‍ഷത്തെ സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ ആദ്യവാരം തന്നെ പുനര്‍നിര്‍മ്മാണം ആരംഭിക്കും. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മ്മാണമാണ് നല്ലതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇ ശ്രീധരന്‍ നിര്‍വഹിക്കും.പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നും അപകടാവസ്ഥയിലാണെന്നും ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അറ്റകുറ്റപ്പണിയോ ശക്തിപ്പെടുത്തലോ കൊണ്ട് കാര്യമില്ലെന്ന് ഇ ശ്രീധരനും വിശദീകരിച്ചിരുന്നു. ഇതോടെ പാലം പുതുക്കിപ്പണിയണമെന്ന ഇ ശ്രീധരന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐഐടി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തില്‍ ഇ ശ്രീധരന് പുറമെ ചെന്നൈ ഐഐടി വിദഗ്ധരുമുണ്ടായിരുന്നു. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, നിര്‍മ്മാണ കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജിര്‍ പി ഡി തങ്കച്ചന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.
അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നടപടി. ടെന്‍ഡര്‍ നടപടികളിലും ഫണ്ട് വിനിയോഗത്തിലും ഗുരുതരമായ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. 62 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകം തന്നെ ഗുരുതര ബലക്ഷയം കണ്ടെത്തുകയായിരുന്നു.