ഷെയിന്‍ നിഗം മൊട്ടയടിച്ച് കാണിച്ചത് തോന്ന്യാസമാണെന്ന് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍. എത്ര വലിയ അത്യാവശ്യമുണ്ടായാലും സിനിമ തീരുന്നതുവരെ നടന്‍ കണ്ടിന്യൂയിറ്റി തുടരേണ്ടതുണ്ട്. മഹാനടന്‍മാര്‍ വരെ അത് ചെയ്യാറുണ്ട്. അവരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കുകയും സംവിധായകന്റെ കണ്ണീര് കാണാതിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്. വലിയ കഷ്ടപ്പാടുകള്‍ക്കൊടുവിലായിരിക്കും അയാള്‍ കഥയുണ്ടാക്കി നിര്‍മ്മാതാവിനെ സംഘടിപ്പിച്ചതും അഭിനേതാക്കളുടെ ഡേറ്റ് നേടിയതുമൊക്കെ. പകരക്കാര്‍ ഒരുപാടുപേരുണ്ടെന്ന് ഇത്തരം നടന്‍മാര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മുന്‍പ് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. കഴിവുള്ള നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ന നടന്‍മാര്‍ തന്നെ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും. ആരും ബോധപൂര്‍വം പുറത്താക്കേണ്ട കാര്യമില്ല. സ്വാഭാവികമായും അത് സംഭവിക്കുമെന്ന് തിരിച്ചറിയണമെന്നും ഗണേഷ് കുമാര്‍ പരാമര്‍ശിക്കുന്നു. സിനിമാ മേഖലയില്‍ ഇപ്പോള്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. മദ്യം നേരത്തേയും ഉപയോഗിക്കുമായിരുന്നു. അങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കിയവരൊക്ക സിനിമയില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേതുപോലെ മയക്കുമരുന്നിന്റെ ഉപയോഗം അന്നുണ്ടായിരുന്നില്ലെന്നും ഗണേഷ് വിശദീകരിച്ചു.
ലഹരി ഉപയോഗം തടയാന്‍ സെറ്റില്‍ കയറിവന്ന് കാരവാനിലൊക്കെ കയറി പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. പൊലീസും എക്‌സൈസും ഷാഡോ പൊലീസിങ് സജീവമാക്കിയാല്‍ മതി. അത്തരത്തിലുള്ള പരിശോധനകള്‍ക്ക് പ്രത്യേക പരാതിയുടെ ആവശ്യമില്ല. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഇത്തരം നടപടികള്‍ക്ക് അറുതി വരുത്തണം. ഉള്‍പ്പെട്ടവര്‍ ആരായാലും സിനിമാക്കാരായാലും പിടികൂടണമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം