News n Views

‘എം.സി കമറുദ്ദീന് വേണ്ടി യുഡിഎഫ് വേദിയില്‍ ഫിറോസ് കുന്നംപറമ്പില്‍’; തനിക്ക് രാഷ്ട്രീയം പാടില്ലെന്ന് നിയമമില്ലല്ലോയെന്ന് മറുപടി 

THE CUE

മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയ വഴി നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായമെത്തിച്ചിട്ടുള്ള ഫിറോസ് കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗ് നേതാവിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. മഞ്ചേശ്വരം പഞ്ചായത്തിലെ വഫ ഹോളില്‍ സംഘടിപ്പിച്ച വനിതാ സംഗമ വേദിയിലാണ് അദ്ദേഹം എത്തിയത്. ഫിറോസ് വേദിയിലിരിക്കുന്ന ചിത്രവും സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീനൊപ്പമുള്ള ചിത്രങ്ങളും വൈറലായി. ഇതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ മറുപടി. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട് എത്തിയപ്പോള്‍ എം സി കമറുദ്ദീനെ അങ്ങോട്ട് വിളിച്ച് പോയി കണ്ടതാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കി. താന്‍ പഴയ ലീഗുകാരനാണെന്നും തനിക്ക് രാഷ്ട്രീയം പാടില്ലെന്ന് നിയമമില്ലല്ലോയെന്നും ഫിറോസ് ചോദിച്ചു. രാഷ്ട്രീയമായി മുദ്രകുത്തി തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ

കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലെ സുള്ള്യയിലുമായിരുന്നു കഴിഞ്ഞ ദിവസം എനിക്ക് പരിപാടികളുണ്ടായിരുന്നത്. യാത്രാമധ്യേ മഞ്ചേശ്വരത്ത് വെച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീനെ കണ്ടത്. താന്‍ അങ്ങോട്ട് വിളിച്ച് അദ്ദേഹം ഉള്ളയിടത്തേക്ക് പോവുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി അദ്ദേഹത്തെ അറിയാം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിചയമാണ് .പല രീതിയില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. മറ്റൊരു വഴിയുമില്ലാതെ വന്ന രണ്ട് വിവാഹ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. 5 പവന്‍ വീതം അദ്ദേഹം രണ്ട് കല്യാണങ്ങള്‍ക്കായി താന്‍ ആവശ്യപ്പെട്ട പ്രകാരം കൈമാറിയിട്ടുണ്ട്. അദ്ദേഹത്തെ കണ്ട് സംസാരിച്ചു. കമറുക്കയാണ് തന്നെ വേദിയിലേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോയത്. വേദിയില്‍വെച്ച് അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. എല്ലാരേയും പോലെ എനിക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം പാടില്ലെന്ന് നിയമമില്ലല്ലോ. താന്‍ പഴയ ലീഗുകാരനാണ്. കളത്തില്‍ അബ്ദുള്ള സാഹിബിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ വല്‍ക്കരിച്ച് തന്നെ തരം താഴ്ത്താനുള്ള ശ്രമം ശരിയല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും കൈകടത്തേണ്ടതില്ല.

ശങ്കര്‍ റൈ ആണ് കാസര്‍കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. രവീശ തന്ത്രി കുണ്ടാര്‍ ബിജെപി ടിക്കറ്റിലും മത്സരിക്കുന്നു. എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. പിബി അബ്ദുള്‍ റസാഖ് കെ സുരേന്ദ്രനെ കേവലം 89 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയതെങ്കിലും ലോക്‌സഭയിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ ഭൂരിപക്ഷം യുഡിഎഫ് ക്യാംപിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മണ്ഡലത്തില്‍ 11113 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. എന്നാല്‍ മണ്ഡലം ഇക്കുറി പിടിച്ചെടുക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ താമര വിരിയുമെന്ന് ബിജെപിയും അവകാശ വാദമുന്നയിക്കുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT