രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളുടെ ഉത്തേജനത്തിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കയറ്റുമതി, പാര്‍പ്പിടം, നികുതി തുടങ്ങിയ മേഖലകള്‍ക്കാണ് ഊന്നല്‍.
കയറ്റുമതി
കയറ്റുമതി മേഖലയുടെ ഉണര്‍വ്വിനായി റിസര്‍വ് ബാങ്ക് 68,000 കോടി രൂപ നല്‍കും. കയറ്റുമതിച്ചുങ്കത്തിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തും. 2020 ജനുവരി ഒന്ന് മുതല്‍ ടെക്‌സ്റ്റൈല്‍ മേഖലയിലെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രത്യേക ഉത്തേജന പദ്ധതി നടപ്പാക്കും. ഈ രംഗത്തെ സാങ്കേതിക നിലവാരവും വര്‍ധിപ്പിക്കും. തുറമുഖം കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങള്‍ ഡിജിറ്റലാക്കും. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം വികസിപ്പിക്കും. കയറ്റുമതിക്ക് വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. കൈത്തറി മേഖലയില്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇ കൊമേഴ്‌സ് പ്രാതിനിധ്യം വര്‍ധിപ്പിക്കും.
പാര്‍പ്പിടം
ഹൗസിങ് ബില്‍ഡിംഗ് അഡ്വാന്‍സ് പലിശ നിരക്ക് കുറയ്ക്കും. ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഭവന വായ്പ ലഭ്യമാകാന്‍ അവസരമൊരുക്കും. നിര്‍മ്മാണം പാതിയിലെത്തിയ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ വായ്പയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കും. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ പദ്ധതിയിലൂടെ 2022 നുള്ളില്‍ 1.95 കോടി വീടുകള്‍ യാഥാര്‍ത്ഥ്യമാക്കും.വീടുകളും വാഹനങ്ങളും വാങ്ങാന്‍ കൂടുതല്‍ വായ്പാ സഹായം നല്‍കും. ഇതിനായി കൂടുതല്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിക്കും.
വ്യാപാരോത്സവം
2020 മാര്‍ച്ചില്‍ ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാലിടത്തായാണ് പരിപാടി. വ്യാപോരോത്സവം വ്യത്യസ്ത തീമുകളിലാണ് അവതരിപ്പിക്കുക.
നികുതി
നികുതി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കും. 25 ലക്ഷം രൂപയില്‍ താഴെയുള്ള ആദായ നികുതി പരാതികളില്‍ നടപടിയെടുക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാക്കി ക്രമീകരണം ഏര്‍പ്പെടുത്തും. ജിഎസ്ടി, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് എന്നിവ പൂര്‍ണമായും ഇലക്ട്രോണിക് മാര്‍ഗത്തിലാക്കും.
ആര്‍.ഒ.ഡി.ടി.ഇ.പി
എംഇഐഎസ് പദ്ധതി പ്രകാരം രണ്ട് ശതമാനത്തിന് മുകളില്‍ ആനുകൂല്യം ലഭിക്കുന്ന ടെക്‌സ്റ്റൈല്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ 2020 ജനുവരി മുതല്‍ പുതിയ പദ്ധതിയായ റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ഓര്‍ ടാക്‌സസ് ഓണ്‍ എക്‌സ്‌പോര്‍ട്ട് എന്ന സ്‌കീമിലേക്ക് മാറണം. കയറ്റുമതി രംഗത്ത് അവതരിപ്പിക്കുന്ന പുതിയ സ്‌കീം ആണ്. ഇതിലൂടെ അന്‍പതിനായിരം കോടിയുടെ വരുമാനം ലക്ഷ്യമിടുന്നു. ഇതോടെ ഐടിസി റീഫണ്ടുകള്‍ എളുപ്പത്തിലാകുമെന്നാണ് കണക്കുകൂട്ടല്‍.
ആധുനിക വല്‍ക്കരണം
ഓണ്‍ലൈന്‍ ഒറിജിന്‍ മാനേജ്‌മെന്റ് സിസ്റ്റം, ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്,സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയ്ക്ക് ഇന്ത്യയിലും സൗകര്യമൊരുക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ ധനകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുങ്ങുന്നു.