'ഞാന്‍ എന്റെ ജോലി നിര്‍വഹിക്കുകയായിരുന്നു. നിയമപ്രകാരമാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ സസ്‌പെന്‍ഷനാണ് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ഞാന്‍ ഇരുട്ടില്‍ പോരാടുകയാണ്. പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോപ്റ്റര്‍ പരിശോധിച്ചതിന് അച്ചടക്കനടപടി നേരിട്ട കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മൊഹമ്മദ് മൊഹ്‌സിന്‍. നിയമവിരുദ്ധ നടപടിയാണ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായതെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കിപ്പുറം സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടെങ്കിലും വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.
1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് മൊഹ്‌സിന്‍ സമ്പല്‍പൂരിലാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ടത്. ഇവിടെ പ്രധാനമന്ത്രി പ്രചരണത്തിനെത്തിയപ്പോള്‍ മൊഹ്‌സിന്‍ അദ്ദേഹത്തിന്റെ കോപ്റ്റര്‍ പരിശോധിച്ചിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇതുമൂലം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിട്ട് വൈകാനിടയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് ഇയാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തത്. അച്ചടക്കനടപടിക്കെതിരെ മൊഹമ്മദ് മൊഹ്‌സിന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ മൊഹ്‌സിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഉത്തരവിട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ ,ഹെലികോപ്‌റററില്‍ നിന്ന് വലിയ പെട്ടിയിറക്കി സ്വകാര്യ കാറില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെട്ടിയില്‍ പണമായിരുന്നുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആക്ഷേപമുന്നയിക്കുകയും ചെയ്തു. ഈ സംഭവമുണ്ടായി രണ്ടുദിവസത്തിനിപ്പുറമാണ് സമ്പല്‍പൂരില്‍ മൊഹ്‌സിന്‍ ഐഎഎസ് മോദിയുടെ കോപ്റ്റര്‍ പരിശോധിച്ചത്.
‘വിശദീകരണം ആവശ്യപ്പെടാതെയാണ് അച്ചടക്ക നടപടിയെടുത്തത്. കമ്മീഷന്റെ നിയമാവലിയില്‍ പറയുന്ന പ്രകാരമാണ് പരിശോധനയും വീഡിയോ ചിത്രീകരണവും നടത്തിയത്. തെറ്റുചെയ്തവരെ ശിക്ഷിക്കാതെ നിയമപ്രകാരം പ്രവര്‍ത്തിച്ചയാളെയാണ് സസ്‌പെന്റ് ചെയ്യുന്നത്. ജോലി കൃത്യമായി നിര്‍വഹിക്കുന്നതിന് ഞാനെന്തിനാണ് ശിക്ഷിക്കപ്പെടുന്നത്. എന്നെ സസ്‌പെന്റ് ചെയ്ത നടപടി നിയമവിരുദ്ധമാണ്’മൊഹമ്മദ് മൊഹ്‌സിന്‍ ഐഎഎസ്
എസ്പിജി സുരക്ഷയിലുള്ളവരുടെ വാഹനം പരിശോധിക്കുന്നതിലെ ചട്ടങ്ങള്‍ പാലിക്കാതെ മൊഹ്‌സിന്‍ വീഴ്ച വരുത്തിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു.
‘നിയമവിരുദ്ധമാണെങ്കില്‍, താന്‍ വീഡിയോ ചിത്രീകരിച്ചപ്പോള്‍ എസ്പിജി ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട് എതിര്‍വാദം ഉന്നയിച്ചില്ല. എസ്പിജി ഉദ്യോഗസ്ഥരോട് വ്യക്തമായി ആശയവിനിമയം നടത്തിയ ശേഷമാണ് ചിത്രീകരിച്ചത്. പാടില്ലെന്ന് അപ്പോഴെന്തുകൊണ്ട് പറഞ്ഞില്ലെന്നും മൊഹ്‌സിന്‍ ചോദിക്കുന്നു’
എസ്പിജിക്ക് എല്ലാവിധ അധികാരങ്ങളുമുണ്ടെന്ന് കരുതേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് അച്ചടക്കനപടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചത്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെയും വാഹനങ്ങള്‍ പരിശോധിച്ചതിന് അച്ചടക്ക നടപടികളൊന്നും ഉണ്ടായിട്ടില്ലല്ലോയെന്നും ട്രിബ്യൂണല്‍ ചോദിച്ചിരുന്നു.
‘22 വര്‍ഷമായി ഞാന്‍ സര്‍വീസിലുണ്ട്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല. നിയമം അനുശാസിക്കുന്ന പ്രകാരമാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും നിയമപോരാട്ടം തുടരുമെന്നും’ മൊഹമ്മദ് മൊഹ്‌സിന്‍ വ്യക്തമാക്കി.