ഷെയ്‌നെ വിലക്കിക്കൊണ്ടുള്ള നിര്‍മ്മാതാക്കളുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയും പ്രശ്‌നത്തില്‍ ഇടപെടുമെന്നറിയിച്ചും സിനിമാ സംഘടനകള്‍. നിര്‍മ്മാതാക്കള്‍ ഷെയ്‌നെ നായകനാക്കി ചെയ്തുകൊണ്ടിരുന്ന പ്രൊജക്ടുകള്‍ ഉപേക്ഷിക്കരുതെന്ന് സംവിധായകരുടേയും ചലച്ചിത്ര പ്രൊഷഷണലുകളുടേയും സംഘടനയായ ഫെഫ്ക പ്രതികരിച്ചു. ഷെയ്‌നെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നിര്‍മ്മാതാക്കള്‍ സിനിമകള്‍ ഉപേക്ഷിക്കരുത്. ഷെയ്‌ന്റെ പ്രശ്‌നം ഞങ്ങള്‍ കേള്‍ക്കാം. നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താം.ബി ഉണ്ണികൃഷ്ണന്‍
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെറ്റുകളില്‍ മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനേയും ഫെഫ്ക വിമര്‍ശിച്ചു. നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണ്. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുന്നത് അപ്രായോഗികമാണെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ വിലക്കില്‍ ഇടപെടുമെന്നാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട്. അമ്മയുടെ ഒരു അംഗത്തെ സംരക്ഷിക്കുക എന്നത് ഒരു ആവശ്യമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഷെയ്‌നിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കുന്നു. ഷെയ്‌നിന് പ്രായത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. പക്ഷെ, തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ ശ്രമിക്കില്ല.ഇടവേള ബാബു
ഷെയ്‌ന് വേണ്ടിയാണ് ഇതിന് മുമ്പ് അമ്മ ഒരു കരാറുണ്ടാക്കി കൊടുത്തത്. അതിന് ശേഷം ഷെയ്ന്‍ ബന്ധപ്പെട്ടിട്ടില്ല. തൊഴില്‍ നിഷേധിക്കുന്നു എന്ന് അവര്‍ പറഞ്ഞിട്ടില്ലെങ്കില്‍ കൂടി താഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ അമ്മ ശ്രമിക്കില്ല. ന്യായ ന്യായീകരണങ്ങള്‍ അറിയേണ്ടതുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം