തങ്ങള്‍ക്കെതിരെ യുഎപിഎ ചാര്‍ത്തിയ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലും. തങ്ങള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണുണ്ടായതെന്നും പൊലീസ് തങ്ങളില്‍ നിന്ന് ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്നും ഇരുവരും പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ പന്തീരാങ്കാവ് സ്‌റ്റേഷനില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ പ്രതികരണം.
കള്ളക്കേസാണ്. വ്യാജമായ കുറ്റാരോപണങ്ങളാണ്. ഞങ്ങളുടെ അടുത്ത് നിന്നൊന്നും കിട്ടിയിട്ടില്ല. പൊലീസ് കെട്ടിച്ചമച്ചത് തന്നെയാണിത്.താഹയും അലനും
യുഎപിഎ 20, 38, 39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ആശയപ്രചാരണം, ലഘുലേഖകള്‍ ഒട്ടിക്കുക, വിതരണം ചെയ്യുക, നിരോധിത സംഘടനയില്‍ അംഗമാകുക എന്നിവയാണ് വകുപ്പുകള്‍.
സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിച്ച് ഉത്തരമേഖലാ ഐജി അശോക് യാദവ് രംഗത്തെത്തി. യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി പറഞ്ഞു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്താന്‍ തക്കവിധത്തില്‍ വ്യക്തമായ തെളിവുണ്ടെന്ന്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ട്. കേസ് അന്വേഷണം നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി പ്രതികരിച്ചു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. വിഷയം പരിശോധിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടതുപ്രകാരമാണ് ഐജി അശോക് യാദവ് പന്തീരാങ്കാവ് സ്റ്റേഷനില്‍ നേരിട്ടെത്തിയത്. അലന്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ സിപിഐഎം ജില്ലാ സെക്രട്ടരി പി മോഹനന്റേയും കെ അജിതയുടേയും ഒപ്പം മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം