കള്ളനോട്ടടി കേസില്‍ ജാമ്യത്തിലിറങ്ങിയയാള്‍ വീണ്ടും വ്യാജനോട്ടുകളുമായി അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശീരായണപുരം സ്വദേശി ഏരാശ്ശേരി രാകേഷാണ് പിടിയിലായത്. മലപ്പുറം പെരകമമ്മ സ്വദേശി മണ്ടത്തൊടി സുനീറും ഇയാള്‍ക്കൊപ്പം പൊലീസിന്റെ വലയിലായി. കള്ളനോട്ട് വിതരണത്തിനായി കോഴിക്കോട് ഓമശ്ശേരി ഭാഗത്ത് എത്തിയപ്പോഴാണ് ഇവരെ കൊടുവള്ളി സിഐയും എസ്‌ഐയും ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തതത്.
കെഎല്‍ 47 എച്ച് 5043 നമ്പറിലുള്ള ബൈക്കിലായിരുന്നു പ്രതികള്‍. അഞ്ഞൂറിന്റെ 300 നോട്ടുകളും ഇരുനൂറിന്റെ ഇരുനൂറ് നോട്ടുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നേരത്തേ യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റായിരുന്നു രാകേഷ്. 2017 ജൂണില്‍ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായാണ് തൃശൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് രാകേഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ജാമ്യത്തിലിറങ്ങിയ രാകേഷ് വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു.