News n Views

ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ അമിത്ഷാ അഴിയെണ്ണി, ഷാ കയറിയപ്പോള്‍ ചിദംബരം കുരുക്കില്‍ 

THE CUE

പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ജയിലിലാകുന്നത്. എന്നാല്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ പി ചിദംബരം കുരുക്കിലാവുകയാണ്. 2010 ല്‍ മന്‍മോഹന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു പി ചിദംബരം. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത്ഷാ. 2005 ലാണ് സൊറാബുദ്ധീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. സൊറാബുദ്ധീനും ഭാര്യ കൗസര്‍ബിയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് യാത്ര ചെയ്യവെ ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് പൊലീസ് സംഘം തട്ടിക്കൊണ്ടുപോയെന്നും നവംബറില്‍ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.

അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. 2010 ല്‍ ഈ കേസ് സുപ്രീം കോടതി സിബിഐക്ക് വിട്ടു. ആറുമാസത്തിന് ശേഷം 2010 ജൂലൈയില്‍ സിബിഐ അമിത്ഷായെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചപ്പോള്‍ സിബിഐ തടസഹര്‍ജിയും നല്‍കി. ആഭ്യന്തര മന്ത്രിയെന്ന അധികാരം ഉപയോഗിച്ച് തെളിവുകള്‍ അട്ടിമറിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇടയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് സിബിഐ വാദിച്ചു. മൂന്ന്മാസത്തിന് ശേഷം 2010 ഒക്‌ടോബര്‍ 29 നാണ് അമിത്ഷായ്ക്ക് ജാമ്യം ലഭിച്ചത്.

തുടര്‍ന്ന് അടുത്ത ദിവസം സിബിഐ ജസ്റ്റിസ് അഫ്താബ് ആലത്തിന്റെ ബഞ്ചിനെ സമീപിച്ച് അമിത്ഷാ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് സമ്പാദിച്ചു. ഇങ്ങനെ 2010 മുതല്‍ 2012 വരെ ഗുജറാത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും അമിത് ഷാ വിലക്കപ്പെട്ടു. അന്ന് അമിത്ഷായും ബിജെപിയും കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. പിന്നാലെ അതേവര്‍ഷം അമിത്ഷായെ കോടതി വെറുതെ വിട്ടു.

സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ നിരപരാധിയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നുവെന്നുമാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോള്‍ ചിദംബരം കുരുക്കിലായിരിക്കുകയാണ്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സിബിഐ തടസവാദം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റേത് പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്‌സ് ന്യൂസില്‍ അനധികൃതമായി 305 കോടിയിലധികം രൂപയുടെ വിദേശനിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT