വസ്തു ഇടപാടിനെന്ന പേരില്‍ ഒരു വനിത ഒരു മാസമായി വിളിച്ചതിനാലാണ് ദുബായിലെത്തിയതെന്ന് ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് എന്‍ഡിഎ നേതാവ് കൂടിയായ തുഷാറിന്റെ വെളിപ്പെടുത്തല്‍. ഓഗസ്റ്റ് 20 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയില്‍ നിന്നാണ് ദുബായിലെത്തിയത്. 24 ന് മടങ്ങാനുള്ള ടിക്കറ്റും എടുത്തിരുന്നു. ഉമ്മുല്‍ഖുവൈനില്‍ തനിക്ക് കുറച്ച് വസ്തുവുണ്ട്. ഒരു അറബിക്ക് അത് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞാണ് ഒരു വനിത വിളിച്ചത്. നല്ല വില ലഭിക്കുമെങ്കില്‍ വില്‍ക്കാന്‍ തയ്യാറായിരുന്നു. ദുബായിലെത്തുമ്പോള്‍ അറിയിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. അങ്ങനെ ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഒരു ഹോട്ടലില്‍ എത്തി. അപ്പോള്‍ ആ സ്ത്രീ വീണ്ടും വിളിച്ച് മറ്റൊരു ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ടു. അവിടെ അവരോട് സംസാരിച്ചുകൊണ്ടിരിക്കെ ദുബായ് പൊലീസിന്റെ രണ്ട് സിഐഡിമാര്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്തിനാണ് അറസ്റ്റെന്ന് ചോദിച്ചപ്പോള്‍ സ്‌റ്റേഷനില്‍ എത്തിയശേഷം അറിയിക്കാമെന്നാണ് പറഞ്ഞത്. ആദ്യം ഒരു സ്റ്റേഷനിലെത്തിച്ചു പിന്നീട് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. അപ്പോഴാണ് വണ്ടിച്ചെക്ക് കേസാണെന്ന് അറിയുന്നത്. ബുധനാഴ്ച വൈകീട്ടുവരെ സ്റ്റേഷനിലായിരുന്നു. തുടര്‍ന്ന് അജ്മാന്‍ ജയിലിലേക്ക് മാറ്റി. ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ അജ്മാനിലുള്ള തൃശൂരുകാരനായ നാസില്‍ അബ്ദുള്ള വിളിച്ച്, താനാണ് ഇതെല്ലാം ചെയ്തതെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഏതെങ്കിലും ബന്ധുവാകും തന്ന വിളിച്ച വനിതയെന്നാണ് കരുതുന്നത്. 12 വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ കമ്പനിയാണ് ബോയിങ് കണ്‍സ്ട്രക്ഷന്‍സ്. അന്ന് നാസിലിന്റെ കമ്പനിക്ക് ആറര ലക്ഷത്തിന്റെ ഒരു ഉപകരാര്‍ നല്‍കിയിട്ടുണ്ട്. കമ്പനിക്ക് 30 ലക്ഷത്തോളം ദിര്‍ഹം പലരില്‍ നിന്നായി പിരിഞ്ഞുകിട്ടാനുണ്ടായിരുന്നു. എന്നാല്‍ പൂട്ടുമ്പോള്‍ നാസിലിന്റേത് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്നതില്‍ 60 ശതമാനവും കൈമാറിയതാണ്. എന്നാല്‍ കുറച്ചുകൂടി പണം വേണമെന്ന് നാസില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ആ തുക കൂടി നല്‍കിയാണ് യുഎഇ വിട്ടതെന്നും തുഷാര്‍ പറയുന്നു.
10 വര്‍ഷം മുന്‍പുള്ള ചെക്ക് ഉപയോഗിച്ചാണ് ഇപ്പോള്‍ തന്നെ ചതിയില്‍പ്പെടുത്തിയത്. അന്ന് എന്റെ കമ്പനിയില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കിയതാകണം ചെക്ക്. അല്ലെങ്കില്‍ കണ്‍സള്‍ട്ടിങ് കമ്പനിക്ക് സെക്യൂരിറ്റി ചെക്കായി നല്‍കിയതാകണം. ഓഗസ്റ്റ് ഒന്നിനാണ് ചെക്ക് ബാങ്കിലിട്ടത്. അങ്ങനെയാണ് താന്‍ അജ്മാനിലുള്ള തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ കെണിയില്‍ അകപ്പെട്ടതെന്നും തുഷാര്‍ പറഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിക്ക് ലൈസന്‍സോ ബാങ്ക് അക്കൗണ്ടോ നിലവിലില്ല. അദ്ദേഹം ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. ഒരു ലക്ഷം ദിര്‍ഹം കെട്ടിവെച്ചതോടെയാണ് മോചനം സാധ്യമായത്. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ സജീവ ഇടപെടലുകളെ തുടര്‍ന്നാണ് എളുപ്പം ജാമ്യം ലഭിച്ചത്. ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലായിരുന്നു പൊലീസ് നടപടി.