അഭിഭാഷകരും ഹാജരാകുന്ന മറ്റുള്ളവരും ജഡ്ജിമാരെ മെ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഉപേക്ഷിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഞായറാഴ്ച ചേര്‍ന്ന ഫുള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത സാധ്യമാക്കാനാണ് നടപടിയെന്ന് കോടതി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഉത്തരവില്‍ പറയുന്നതിങ്ങനെ.
തുല്യത വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അനുശാസനയെ ആദരിക്കാനും സംരക്ഷിക്കാനും മൈ ലോര്‍ഡ്,യുവര്‍ ലോര്‍ഡ്ഷിപ്പ് അഭിസംബോധനകള്‍ ഉപേക്ഷിക്കണമെന്ന് അഭിഭാഷകരോടും കോടതിയില്‍ ഹാജരാകുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു. 14.7.2019 ന് ചേര്‍ന്ന ഫുള്‍ ബെഞ്ചിന്റെ ഐക്യകണ്‌ഠേനയുള്ള തീരുമാനമാണിത്.
കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് കോടതികളില്‍ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് പ്രയോഗങ്ങള്‍ നിലനിന്നിരുന്നത്. ഇതിന് അന്ത്യം കുറിക്കുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി. പ്രസ്തുത അഭിസംബോധനകള്‍ ആവശ്യമില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അതിന്റെ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും യുവര്‍ ഹോണര്‍ അല്ലെങ്കില്‍ ഹോണറബിള്‍ കോര്‍ട്ട് ( ബഹുമാന്യ കോടതി) എന്നീ പ്രയോഗങ്ങള്‍ മതിയെന്നാണ് ബിസിഐ അഭിഭാഷകരോട് നിര്‍ദേശിച്ചത്. കീഴ്‌ക്കോടതികളിലും ട്രിബ്യൂണലുകളിലും സര്‍ അല്ലെങ്കില്‍ അതിന് തുല്യമായ പ്രാദേശിക ഭാഷയിലുള്ള പ്രയോഗം മതിയെന്നും ബിസിഐ വ്യക്തമാക്കിയിരുന്നു.
2014 ല്‍ സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതുമാണ്. മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് പ്രയോഗങ്ങള്‍ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കണമന്നാവശ്യപ്പെട്ട് ശിവ സാഗര്‍ തിവാരിയെന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. പ്രസ്തുത വിളികള്‍ നിര്‍ബന്ധമല്ലെന്ന് അന്ന് എച്ച്എല്‍ ദത്തുവും എസ് എ ബോബ്‌ഡെയും വ്യക്തമാക്കി. ഈ വിളി നിര്‍ബന്ധമാണെന്ന് എപ്പോഴാണ് പറഞ്ഞതെന്നും നല്ല രീതിയില്‍ അഭിസംബോധന ചെയ്താല്‍ മാത്രം മതിയെന്നുമായിരുന്നു ഈ ബഞ്ചിന്റെ നിരീക്ഷണം. ദ കോര്‍ട്ട് എന്ന് മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്ന് മുന്‍പ് ഒരിക്കല്‍ മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിട്ടുണ്ട്.