കോണ്ടം പരസ്യത്തിന്റെ പ്രദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പുലര്‍ച്ചെ 6 മണിമുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഗര്‍ഭ നിരോധന ഉറകളുടെ പരസ്യത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ഡിവിഷന്‍ബെഞ്ച് ഹര്‍ജി തള്ളിയത്.
മനുഷ്യാവകാശ പ്രവര്‍ത്തക സരിത ബര്‍പാണ്ടയാണ് ഇക്കാര്യമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നയമായതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷിത ലൈംഗിക ബന്ധം എന്ന ആശയം മുന്‍നിര്‍ത്തി കോണ്ടം ഉപയോഗിക്കുന്നവര്‍ രാജ്യത്ത് കുറവാണെന്നും ബോധവല്‍ക്കരണം അനിവാര്യമാണെന്നും പരസ്യം സഹായകരമാകുമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കാതിരിക്കുന്നത് വിവിധ ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇടയാക്കും.
ഇതേക്കുറിച്ച് ശരിയായ അറിവ് പകരേണ്ടത് അനിവാര്യമാണ്. പൊതുജനത്തിന് അറിവ് നല്‍കാന്‍ ഉപകാരപ്പെടുന്നതാണ് പരസ്യങ്ങളെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. പരസ്യങ്ങളുടെ ഉള്ളടക്കം വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണം. ഈ സമിയുടെ റിപ്പോര്‍ട്ടിന് അനുസരിച്ച് അനുമതി നല്‍കാമെന്ന നിര്‍ദേശവും ഹര്‍ജിക്കാരി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.