സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഇതിനൊപ്പം തന്നെ അഭിനയിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിനായി ലുക്ക് അല്‍പ്പം മാറ്റിയതില്‍ നിജസ്ഥിതി മനസ്സിലാക്കാതെ ജോബി ജോര്‍ജ് തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ താര സംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതി.
ഷെയ്ന്‍ നിഗം നല്‍കിയ പരാതി
താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഗുഡ്‌വിലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വെയിലും വര്‍ണ്ണചിത്രയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഖുര്‍ബാനിയുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. തുടര്‍ന്ന് ഖുര്‍ബാനിയുടെ ചിത്രീകരണത്തിലേക്ക് കടന്നു. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റ് അപ്പുകളിലാണ് എത്തുന്നത്. വെയിലില്‍ മുടി നീട്ടിയ ഗെറ്റപ്പുണ്ട്. എന്നാല്‍ ഖുര്‍ബാനിയില്‍ മറ്റൊരു ലുക്ക് ആയതിനാല്‍ മുടി അല്‍പ്പം വെട്ടി. രണ്ട് സിനിമകളുടെയും അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള ധാരണപ്രകാരമാണ് മുടി വെട്ടിയത്. എന്നാല്‍ പുറകുവശത്ത് മുടി അല്‍പ്പം കൂടുതല്‍ വെട്ടിപ്പോയിട്ടുണ്ട്. ഇത് മനപൂര്‍വമല്ല. മുടി വെട്ടി ക്യാരക്ടര്‍ ലുക്കിന് വേണ്ടി ജെല്‍ പുരട്ടി മേക്ക് ഓവര്‍ ചെയ്‌തെടുത്ത ഫോട്ടോ വാട്ട്‌സ് ആപ്പില്‍ അപ് ലോഡ് ചെയ്തിരുന്നു.
അത് കണ്ടതിന് പിന്നാലെ വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് സിനിമയുടെ കണ്ടിന്യൂയിറ്റി പോയെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ച് അപമാനിച്ചു. നേരില്‍കണ്ട് നിജസ്ഥിതി മനസ്സിലാക്കാതെയാണ് ജോബി ജോര്‍ജിന്റെ ഭീഷണി. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് ഫോണില്‍ പറഞ്ഞത്. ഇതിനര്‍ത്ഥം തന്നെ ജോബി ജോര്‍ജ് വധിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നാണ്. അതിനാല്‍ തനിക്ക് എന്ത് അപകടമുണ്ടായാലും അതിന്റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കും. തന്റെ ജീവിനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഷെയ്ന്‍ പരാതിയില്‍ പറയുന്നു.
പരാതിയുടെ തെളിവുകളായി വോയ്‌സ് മെസേജും ഫോട്ടോകളും ഷെയ്ന്‍ അമ്മ ഭാരവാഹി ഇടവേള ബാബുവിന് നടന്‍ കൈമാറിയിട്ടുണ്ട്. അതേസമയം ആരോപണം നിഷേധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തി. ആറുദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും കേള്‍ക്കുന്നതെന്നും ശരിയല്ലെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിര്‍മ്മാതാക്കളുടെ സംഘടന വ്യാഴാഴ്ച തീരുമാനം പറയുന്ന വരെ ഒന്നും പറയില്ലെന്നും സത്യം തന്നോടൊപ്പമാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.