വയനാട് ചെതലയം മിച്ചഭൂമിയില്‍ 19 ദളിത് കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കാനുള്ള റവന്യുവകുപ്പിന്റെ നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിസന്ധിയില്‍. 1976 ഇരുളത്ത് ഒരേക്കര്‍ ഭൂമി വീതം കൈവശരേഖ ലഭിച്ചവരാണ് ഈ കുടുംബങ്ങള്‍. എന്നാല്‍ ഇരുളം മിച്ചഭൂമിയിലെ താമസക്കാരായ മറ്റു വിഭാഗക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ക്ക് സ്വന്തം ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് 2012ല്‍ സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള ചെതലയം മിച്ചഭൂമിയില്‍ ഇരുപത് സെന്റ് വീതം നല്‍കാന്‍ റവന്യുവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ദളിത് വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതോടെ ഭൂമി കൈമാറ്റ നടപടികള്‍ നിര്‍ത്തിവെച്ചു.
1976 ല്‍ ഇരുളത്ത് ഭൂമി പതിച്ച് തന്നതാണ്. അന്നെനിക്ക് മുപ്പത്തിയഞ്ച് വയസ്സാണ്. ഒരു ഏക്കര്‍ ഭൂമിക്ക് 19 രൂപ 75 പൈസ ഇരുളം സ്‌കൂളില്‍ വച്ച് അടച്ചതാണ്. അന്ന് കടം മേടിച്ചാണ് പണം അടച്ചത്. ഇന്ന് വരേക്കും ഞങ്ങള്‍ക്ക് ഭൂമി തന്നിട്ടില്ല. അവിടെ കൈയ്യേറ്റക്കാര് എതിര്‍ത്തപ്പോഴാണ് ചെതലയത്ത് ഭൂമി തരാമെന്ന് പറഞ്ഞത്. അവിടെയും നാട്ടുകാരുടെ എതിര്‍പ്പ്. അവിടെ തരാം ഇവിടെ തരാം എന്ന് പറയുന്നതേയുള്ളൂ. ഭൂമിക്ക് വേണ്ടി ഞങ്ങള്‍ പോകാത്ത സ്ഥലങ്ങളില്ല. പത്തുമുപ്പത് കലക്ടര്‍മാരെ കണ്ടു. എന്നിട്ടൊന്നും നിര്‍വ്വാഹമില്ല. ഞങ്ങള്‍ക്ക് കിടക്കാന്‍ ഭൂമിയില്ലാത്തത് കൊണ്ടാണ് അപേക്ഷിച്ചത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഭൂമി കൊടുത്തിട്ട് എന്താ കാര്യം എന്നായിരിക്കും രാഷ്ട്രീയക്കാരുടെ ചിന്ത. മണി, ഇരുളം സ്വദേശി
നാല്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും അര്‍ഹതപ്പെട്ട ഭൂമിക്ക് വേണ്ടി ഓഫീസുകളും കോടതികളും കയറിയിറങ്ങുകയാണ് വയനാട് ഇരുളത്തെ മണിയുള്‍പ്പെടെ പത്തൊമ്പത് ദളിത് കുടുംബങ്ങള്‍.
ഇരുളം മിച്ചഭൂമിയില്‍ കൈവശരേഖ ലഭിച്ചവരാണ് ഈ പത്തൊമ്പത് കുടുംബങ്ങളും. എന്നാല്‍ കൈയ്യേറ്റക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം കൈമാറാന്‍ റവന്യുവകുപ്പിന് കഴിഞ്ഞില്ല. കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ചെതലയത്ത് ഇവര്‍ക്ക് നല്‍കാനായി റവന്യുവകുപ്പ് സ്ഥലം കണ്ടെത്തിയത്. എന്നാല്‍ ദളിതര്‍ക്ക് ഭൂമി നല്‍കുന്നതിനെതിരെ പ്രദേശവാസികള്‍ സംഘടിച്ച് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. മിച്ചഭൂമിയാണെങ്കിലും വനമാണെന്ന് അവകാശപ്പെട്ട് വനംവകുപ്പും കോടതിയിലുണ്ട്. നിയമക്കുരുക്കിലേക്ക് നീങ്ങുമ്പോള്‍ ഭൂമി എന്ന് കിട്ടുമെന്നറിയാതെ കഴിയുകയാണ് ഈ ദളിത് കുടുംബങ്ങള്‍.
കിടങ്ങനാട് വില്ലേജിലാണ് 25 ഏക്കര്‍ വരുന്ന ചെതലയം മിച്ചഭൂമി. ഇതില്‍ പത്ത് ഏക്കര്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനും രണ്ട് ഏക്കര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അമ്പത് സെന്റ് ലൈഫ് മിഷന്‍ പദ്ധതിക്കും നല്‍കി. ഇതിനൊപ്പമുള്ള മൂന്ന് ഏക്കര്‍ എണ്‍പത് സെന്റാണ് ദളിത് കുടുംബങ്ങള്‍ക്ക് നല്‍കാന്‍ റവന്യുവകുപ്പ് കണ്ടെത്തിയത്. ഇരുപത് സെന്റ് വീതമാണ് ഓരോ കുടുംബത്തിനും നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
നാട്ടുകാരാണ് ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്. റവന്യൂഭൂമി കലക്ട്രര്‍ ഇടപെട്ട് കൃത്യമായി അളന്നതാണ്. 2011ല്‍ അളക്കാന്‍ ചെന്നപ്പോള്‍ ചെതലയത്തെ നാട്ടുകാര്‍ തടഞ്ഞു. ഒരേക്കര്‍ തരാമെന്ന് പറഞ്ഞത് ഇപ്പോള്‍ ഇരുപത് സെന്റായി കുറച്ചു. ഞങ്ങളുടെ ജീവിതം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ജോലിക്കും പോകാന്‍ പറ്റുന്നില്ല. ഭൂമി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഓരോ ഓഫീസും കയറിയിറങ്ങുന്നത്. ഞങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് സര്‍ക്കാറിന് ധാരണയില്ലെന്ന് തോന്നുന്നു. മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ ഞങ്ങളോട് കാണിക്കുന്നത് കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. മണി
ചെതലയത്തെ നാട്ടുകാരുടെ എതിര്‍പ്പിന് കാരണമെന്തെന്ന് പ്രദേശവാസിയായ പെണ്‍കുട്ടി തുറന്നു പറഞ്ഞു.
പട്ടികജാതിക്കാര്‍ വരുന്നതില്‍ നാട്ടുകാര്‍ക്ക് താല്‍പര്യമില്ല. പല നാടുകളില്‍ നിന്നുള്ളവര്‍ വന്നാല്‍ കള്ളുകുടിയും കച്ചറയുമായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി അബ്ദുള്‍ റഹിം ആരോപിക്കുന്നത് ഇങ്ങനെയാണ്
ഭൂമി ലഭിക്കേണ്ട പത്തൊമ്പത് കുടുംബങ്ങളില്‍ മൂന്നോ നാലോ പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഭൂമിയില്ലാത്തതെന്നാണ് ഞങ്ങളുടെ ആക്ഷേപം. ബാക്കിയെല്ലാവര്‍ക്കും ഏക്കറുകണക്കിന് ഭൂമിയുണ്ട്. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്. ഇവിടെ എന്തെങ്കിലും പൊതു ആവശ്യം വരികയാണെങ്കില്‍ പകരം ഭൂമി കണ്ടെത്താനില്ല. പ്രദേശത്തെ വികസന ആവശ്യങ്ങള്‍ക്ക് ഭൂമി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യക്തികള്‍ക്ക് പതിച്ച് കൊടുക്കാന്‍ കലക്ട്രറുടെ നേതൃത്വത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയതാണ്. ഇനിയും പതിച്ച് കൊടുക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ എതിര്‍ക്കും.
ദളിത് കുടുംബങ്ങളുടെ ഭൂമി ആവശ്യം അരനൂറ്റാണ്ടിലേക്ക് നീളുകയാണ്. 1976 മാര്‍ച്ച് 21ന് വയനാട് ജില്ലയിലെ ഇരുളത്ത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 62 കുടുംബങ്ങള്‍ക്ക് ഒരു ഏക്കറും മറ്റ് വിഭാഗത്തിലുള്ള 60 കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ വീതവും സര്‍ക്കാര്‍ അനുവദിച്ചു.1970ല്‍ കക്കോടന്‍ മൂസ ഹാജിയില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത 120 ഏക്കര്‍ മിച്ചഭൂമിയായിരുന്നു അത്. കൈവശ രേഖ ലഭിച്ചിട്ടും പട്ടികജാതി-വര്‍ഗ കുടുംബങ്ങളെ ഭൂമിയില്‍ പ്രവേശിപ്പിക്കാന്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ അനുവദിച്ചില്ല. നിയമനടപടികള്‍ക്കൊടുവില്‍ 1990ല്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി ദളിതര്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൈയ്യേറ്റക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഇതിലുള്‍പ്പെട്ട ആദിവാസി വിഭാഗക്കാരെ പുനരധിവസിപ്പിക്കുമെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പ് ഉറപ്പ് നല്‍കി. പട്ടികജാതി വിഭാഗക്കാര്‍ ഭൂമിക്കായി പിന്നെയും വാതിലുകള്‍ മുട്ടി. ഒടുവില്‍ 2012ല്‍ ഇരുളത്തിന് പകരം ഭൂമി നല്‍കാമെന്ന് ജില്ലാ ഭരണകൂടം ഒത്തുതീര്‍പ്പുണ്ടാക്കി. പകരം കണ്ടെത്തിയ ഭൂമിയാണ് ചെതലയം മിച്ചഭൂമി. എന്നാല്‍ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഭൂമി ലഭിച്ചില്ലെന്ന് ഭൂമിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന കലൂര്‍ കേശവന്‍ പറയുന്നു.
ഇരുളത്ത് ഞങ്ങള്‍ക്ക് ഭൂമി ലഭിച്ചില്ല. വയനാടിന്റെ പല ഭാഗത്തേക്കായി എല്ലാവരും പോയി. 31 ആദിവാസി കുടുംബങ്ങളും 31 പട്ടികജാതി കുടുംബങ്ങള്‍ക്കുമായിരുന്നു ഭൂമി ലഭിക്കേണ്ടിയിരുന്നത്. കൈവശരേഖ കിട്ടിയിട്ടും ഭൂമി അളന്ന് കിട്ടിയില്ല. ഹൈക്കോടതിയില്‍ നിന്ന് സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഇരുളം ഭൂമി ഞങ്ങള്‍ക്ക് തരാനായി റവന്യുവകുപ്പിനോട് പറഞ്ഞതാണ്. കൈയ്യേറ്റക്കാര്‍ താമസക്കാരും കൃഷിക്കാരുമായി മാറിയപ്പോള്‍ വിധി നടപ്പാക്കാനായില്ല. 2010 ല്‍ കലക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ നടപടി വന്നപ്പോള്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ജനകീയ കമ്മിറ്റിയുടെ ഇടപെടലിലൂടെയാണ് പകരം ഭൂമി തരാമെന്ന ധാരണയില്‍ എത്തിയത്. 2012 ല്‍ യുഡിഎഫ് സര്‍ക്കാറിന് ഭൂമി തരാന്‍ കഴിഞ്ഞില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ഭൂമി തരാനുള്ള നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. പോലീസ് സഹായത്തോടെയാണ് ഭൂമി അളന്നത്. നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യക്തികള്‍ക്ക് പതിച്ച് നല്‍കരുതെന്നും പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് വന്നപ്പോള്‍ നടപടി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഞങ്ങള്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് റവന്യുഭൂമി പകരം സംരക്ഷിത വനഭൂമി നല്‍കാനായിരുന്നു തീരുമാനം. വനംവകുപ്പ് പിടിച്ച് വച്ചതിനാല്‍ അതും നടപ്പായില്ല കലൂര്‍ കേശവന്‍, പട്ടികജാതി- പട്ടികവര്‍ഗ ആക്ഷന്‍ കമ്മിറ്റി