പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിഷേധം നടത്തിയതില്‍ യുഡിഎഫില്‍ അതൃപ്തി. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരവേദി പങ്കിട്ടതെന്നാണ് വിമര്‍ശനം. സംയുക്ത പ്രതിഷേധമെന്ന ആശയം രമേശ് ചെന്നിത്തലയുടേതായിരുന്നു. സര്‍ക്കാര്‍ ഈ ആശയം അംഗീകരിക്കുകയും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത പ്രക്ഷോഭ വേദി ഒരുക്കുകയുമായിരുന്നു. നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളുമ്പോള്‍ ഒരു സംസ്ഥാനത്ത് ഇതാദ്യമായാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് എതിര്‍പ്പുയര്‍ത്തിയത്. അത്തരത്തില്‍ ചടങ്ങ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിനെതിരെ ധവളപത്രം അടക്കം പുറത്തിറക്കി പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തുന്നതിനിടെ മുഖ്യമന്ത്രിയോടൊപ്പം സംയുക്ത സമരത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസിലും മുന്നണിയിലുമുയര്‍ന്ന വിമര്‍ശനം. ഇതുസംബന്ധിച്ച വേണ്ടത്ര കൂടിയാലോചനകള്‍ നടന്നില്ലെന്ന് രമേശ് ചെന്നിത്തലയെ ഉന്നമിട്ട് പാര്‍ട്ടിയില്‍ നിന്നുതന്നെയാണ് ആദ്യ വിമര്‍ശനമുയര്‍ന്നത്. മതിയായ ചര്‍ച്ചകളുണ്ടായില്ലെന്ന് കെ മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞിരുന്നു. പിന്നാലെ, തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
തിങ്കളാഴ്ച അടിയന്തര യുഡിഎഫ് യോഗം ചേരാന്‍ ശനിയാഴ്ചയാണ് തീരുമാനിച്ചത്. ഇതറിഞ്ഞുകൊണ്ടുതന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോടേക്ക് പോവുകയായിരുന്നു. ആര്‍എസ്പി പ്രതിനിധികളും യോഗത്തിനെത്തിയില്ല. വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന് യോഗത്തിനെത്തിയ കക്ഷികള്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. എന്നാല്‍ കൂടിയാലോചന ഉണ്ടായില്ലെന്ന കാര്യം യുഡിഎഫ് യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല സമ്മതിക്കുകയും ചെയ്തു. പെട്ടെന്ന് തീരുമാനിച്ചതാണെന്നും ആവശ്യത്തിന് സമയം കിട്ടാതിരുന്നതിനാലാണ് കൂടിയാലോചന സാധ്യമാകാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം