പാലാ നിയമസഭാ മണ്ഡലത്തില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 23 ന് പോളിങ് പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ഒഴിവുള്ള എല്ലാ മണ്ഡലങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ അതിന് വിരുദ്ധമായി തോന്നുംപടിയുള്ള പ്രവര്‍ത്തനമാണിപ്പോള്‍. ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വന്നപ്പോള്‍ രണ്ടും ബിജെപിക്ക് ലഭിക്കാന്‍ വേണ്ടി ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒന്നിച്ച് നടത്തിയിരുന്നില്ലെങ്കില്‍ ഒന്ന് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നു.
ഇങ്ങനെയുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുണ്ടാവുകയാണ്. മറ്റിടങ്ങളിലൊന്നും നടത്താതെ പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഇതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെയാണ് കോടിയേരി വിമര്‍ശിച്ചത്.
അതേസമയം പാലാ ഇടതുമുന്നണി പിടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് ഇടതുമുന്നണി പരാജയപ്പെട്ടത്. അതിനാല്‍ ഇത്തവണ മുന്നണിക്ക് വലിയ പ്രതീക്ഷയുണ്ട്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഗുണം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമെല്ലാം മാറി. ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ സത്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാലാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ബുധനാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.