പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിക്കൂട്ടിലായതോട വിവാദം അവസാനിപ്പിക്കാന്‍ തിരക്കിട്ട ഇടപെടലുകളുമായി സിപിഎം. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം. ഇതിന്റെ തുടര്‍ച്ചയായി ആന്തൂരിലെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ശുപാര്‍ശ ചെയ്തു. നിര്‍മ്മാണത്തിലുണ്ടായ പോരായ്മകള്‍ തീര്‍ത്താല്‍ ഉടന്‍ അനുമതി നല്‍കാവുന്നതാണെന്ന് നഗരസഭയ്ക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു.ആവശ്യമായ തിരുത്തലുകള്‍ക്ക് ശേഷം ഉടമസ്ഥാവകാശത്തിനായി അപേക്ഷ നല്‍കിയാല്‍ പരിശോധന നടത്തി അനുമതി നല്‍കുമെന്ന് നഗരസഭ വ്യക്തമാക്കി.
ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ മൂന്ന് ദിവസത്തിനകം പരിഹരിക്കാമെന്ന് കുടുംബവും അറിയിച്ചു. 7 ശുചിമുറികള്‍ കൂടി അധികം നിര്‍മ്മിക്കണമെന്നതാണ് ഒരു നിര്‍ദേശം. ആകെ 21 ശുചിമുറികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 14 എണ്ണമാണ് ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനുള്ള റാംപിന്റെ നീളവും ചെരിവും തമ്മിലുള്ള വത്യാസം കുറയ്ക്കണം. അധികമായി നിര്‍മ്മിച്ച ബാല്‍ക്കണിയിലെ സ്ഥലവും കുറയ്ക്കണം. ഇവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
ഇത്തരത്തില്‍ താരതമ്യേന ചെറിയ ചട്ടലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ഈ ആഴ്ച തന്നെ പ്രവര്‍ത്തനാനുമതി ലഭിക്കാനാണ് സാധ്യത. പോരായ്മകള്‍ പരിഹരിച്ച് സാജന്റെ കുടുംബം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഉടന്‍ നഗരസഭയെ സമീപിക്കുമെന്നാണ് അറിയുന്നത്. 18 കോടി ചെലവിലാണ് സാജന്‍ പാറയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് അനുമതി വൈകിപ്പിക്കുന്നതില്‍ മനംനൊന്ത് സാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.