ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി അഘോഷങ്ങളുടെ ഉദ്ഘാടനത്തിനിടെ മുന്‍മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതുന്നില്ലെന്നും മറിച്ച് ചരിത്ര വസ്തുതകളുടെ മനപൂര്‍വമായ തമസ്‌കരണമാണുണ്ടായതെന്നും മുഖപ്രസംഗത്തില്‍ പരാര്‍ശിക്കുന്നു. ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍
ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല, അവ വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുക. പരിശീലനം സിദ്ധിച്ച ചരിത്രകരാന്‍മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോദി ഭരണത്തില്‍ ദേശീയ തലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സട കുടഞ്ഞ് എണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പ്പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്.
ചരിത്രത്തോട് സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതുന്നില്ല. അത് ചരിത്ര വസ്തുതകളുടെ മനപൂര്‍വമായ തമസ്‌കരണമാണ്. ഇത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
പ്രസംഗത്തില്‍ സി അച്യുതമേനോനെക്കുറിച്ച് പറയാതിരുന്ന മുഖ്യമന്ത്രി അതിന് ശേഷം വന്ന ഇഎംഎസ് സര്‍ക്കാരിന്റെയും നായനാര്‍ സര്‍ക്കാരിന്റെയും ഇടപെടലുകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. മാവോയിസ്റ്റ് വേട്ടയിലും കോഴിക്കോട് യുഎപിഎ കേസിലുമടക്കം സര്‍ക്കാരിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. ആ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് അച്യുതമേനോന്റെ പേര് പരാമര്‍ക്കാത്ത വിഷയത്തിലും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടാകുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം